ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം: പ്രതി പിടിയില്‍
1589166
Thursday, September 4, 2025 5:12 AM IST
കോഴിക്കോട്: പന്നിയങ്കര പോലീസ് സ്റ്റേഷന് പരിധിയിലെ ചക്കുംകടവ് കോയാസ് ഹോട്ടലിന്റെ മുന്‍വശം വച്ച് വ്യാജ ഒറ്റ നമ്പര്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നയാളെ അറസ്റ്റ് ചെയ്തു. കല്ലായി കപ്പക്കല്‍ മണ്ണടത്ത് പറമ്പ് വീട്ടില്‍ മുസ്തഫ (54) യാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്.
ഹോട്ടലിന്റെ മുന്‍വശം വെച്ച് വ്യാജ ഒറ്റ നമ്പര്‍ ലോട്ടറി കച്ചവടം നടക്കുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പന്നിയങ്കര പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പന്നിയങ്കര പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ട് ഓടിപ്പോകാന്‍ ശ്രമിച്ച ലോട്ടറി കച്ചവടക്കാരനെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി.
പ്രതിയുടെ കൈയില്‍ നിന്നു ഒറ്റ നമ്പര്‍ ലോട്ടറി കച്ചവടം നടത്താന്‍ ഉപയോഗിച്ച മൊബെല്‍ ഫോണും ലോട്ടറി നമ്പറുകള്‍ എഴുതിയ കടലാസ് തുണ്ടുകളും ഒറ്റഅക്ക നമ്പര്‍ ലോട്ടറി വിറ്റ വകയില്‍ കിട്ടിയ 5450 രൂപയും പോലീസ് കണ്ടെടുത്തു.കൂടുതല്‍ തുകയുടെ ഇടപാട് ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നതെന്നു പോലീസ് പറഞ്ഞു.
ഒറ്റ നമ്പര്‍ ലോട്ടറിക്ക് 10 രൂപയാണ് വാങ്ങിയ്ക്കാറുള്ളത്. കേരള ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന്റെ അവസാനത്തെ മൂന്നു നമ്പര്‍ എഴുതുന്ന വ്യക്തിക്ക് 5000 രൂപയും, രണ്ടാം സമ്മാനത്തിന്റെ അവസാനത്തെ മൂന്നക്കത്തിന് 1000 രൂപയും, മൂന്നാം സമ്മാനത്തിന്റെ അവസാന മൂന്ന് അക്കത്തിന് 500 രൂപയും ആണ് നല്‍കുക.