ഓണം സമ്മാനിക്കുന്നത് പറുദീസ അനുഭവം: ആര്‍ച്ച് ബിഷപ് ഡോ. ചക്കാലയ്ക്കല്‍
1588897
Wednesday, September 3, 2025 5:13 AM IST
കോഴിക്കോട്: ഓണം സമ്മാനിക്കുന്നത് പറുദീസ അനുഭവമാണെന്ന് കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. ദീപിക കോഴിക്കോട് യൂണിറ്റിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വ സുന്ദരമായ, കള്ളവും ചതിയുമില്ലാത്ത, എല്ലാവരെയും ഒരു പോലെ കാണുന്ന സമഭാവനയാണ് പറുദീസ നമുക്ക് നല്കുന്ന പ്രത്യാശ.
ആ അര്‍ഥത്തില്‍ ഓണം സമ്മാനിക്കുന്നത് നന്മയുടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും പറുദീസയാണ്. ജാതി, മത, വര്‍ഗ ഭേദമില്ലാതെ എല്ലാവരും തമ്മില്‍ കൂട്ടുകൂടുന്ന അവസരം കൂടിയാണ് ഓണം. ആ അര്‍ഥത്തില്‍ എന്നും ഓണമായിരുന്നുവെങ്കില് എന്ന് ആശിക്കുന്നതായും ആര്‍ച്ച് ബിഷപ് പറഞ്ഞു.
അശോകപുരം ഇന്‍ഫന്റ് ജീസസ് പള്ളി വികാരി ഫാ. ബിനു കുളത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജീവന ഡയറക്ടര്‍ ഫാ. ആല്‍ഫ്രഡ് വി.സി, ദീപിക റെസിഡന്റ് മാനേജര്‍ ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍, ആര്‍ച്ച് ബിഷപ്സ് സെക്രട്ടറി ഫാ. റെനി ഇമ്മാനുവേല്‍, ദീപിക എജിഎം പ്രിന്‍സി ജോസ്, പരസ്യവിഭാഗം മാനേജര്‍ ബ്രിജോ ആന്റണി, കോഴിക്കോട് ബ്യൂറോ ചീഫ് എം. ജയതിലകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓണം മത്സരങ്ങൾക്ക് ഡിസിഎല്‍ ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര നേതൃത്വം നല്കി. രമേഷ് കോട്ടൂളി, ജീന , ഷനോജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.