വയനാടന്‍ റോബസ്റ്റ കാപ്പിയുടെ ആഗോള ബ്രാന്‍ഡിംഗ് : ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പ്രോജക്ടിന് മൂന്നുകോടി രൂപയുടെ ഭരണാനുമതി
1588895
Wednesday, September 3, 2025 5:13 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: വയനാടന്‍ കാപ്പിയുടെ ആഗോളതല ബ്രാന്‍ഡിംഗ് അടക്കമുള്ള സമഗ്ര കര്‍ഷക പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കാന്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് പ്രോജക്ടിന്റെ ഭാഗമായി തയാറാക്കിയ ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പ്രോജക്ടിന് സംസ്ഥാന സര്‍ക്കാര്‍ മൂന്നു കോടി രൂപയുടെ ഭരണാനുമതി നല്കി.
2025-2026 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതി വ്യവസായ വകുപ്പിന് കീഴിലുള്ള കേരള കോഫി ലിമിറ്റഡാണ് നടപ്പാക്കുക. പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ തലത്തില്‍ രൂപവത്കരിച്ച സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളാണ് കേരള കോഫി ലിമിറ്റഡ്.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുക, കര്‍ഷകരുടെ വരുമാനം വർധിപ്പിക്കുക, വയനാടന്‍ കാപ്പിക്ക് അന്താരാഷ്ട്രതലത്തില്‍ പ്രീമിയം ബ്രാന്‍ഡിംഗ് നല്‍കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
പദ്ധതിയുടെ പ്രാഥമിക ഗുണഭോക്താക്കള്‍ വയനാട് ജില്ലയിലെ കാപ്പി കര്‍ഷകരാണ്. സാങ്കേതികവിദ്യ, വിഭവങ്ങള്‍, മെച്ചപ്പെട്ട വിപണികള്‍ എന്നിവയിലേക്ക് നേരിട്ടുള്ള പ്രവേശനം ലഭിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പാദനക്ഷമതയും വരുമാനവും വര്‍ധിക്കും.
കര്‍ഷക കൂട്ടായ്മകള്‍, വ്യാപാരികള്‍, സംരംഭകര്‍ എന്നിവര്‍ പദ്ധതിയുടെ പരോക്ഷ ഗുണഭോക്താക്കളാണ്. ഈ പദ്ധതി വയനാടന്‍ കാപ്പിക്ക് മാത്രമല്ല, കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് മുഴുവന്‍ ഒരു വഴികാട്ടിയായിട്ടാണ് സര്‍ക്കാര്‍ കരുതുന്നത്.
കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങള്‍ക്കിടയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കാപ്പി ഉത്പാദന മാതൃക വികസിപ്പിക്കാനുള്ള ശ്രമം ഒരു പുതിയ മാതൃക സൃഷ്ടിക്കും. ഇത് "വയനാട് റോബസ്റ്റ' എന്ന ബ്രാന്‍ഡിന് ആഗോളതലത്തില്‍ "കാര്‍ബണ്‍ ന്യൂട്രല്‍', "ഫെയര്‍ ട്രേഡ്' പോലുള്ള പദവികള്‍ നേടാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. കര്‍ഷക കൂട്ടായ്മകള്‍ക്ക് കൂടുതല്‍ സഹകരണത്തിലൂടെയും കൂട്ടായ വിലപേശല്‍ ശേഷിയിലൂടെയും നേട്ടമുണ്ടാക്കാന്‍ കഴിയും.
ഉയര്‍ന്ന നിലവാരമുള്ള, സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ ലഭ്യമാകുന്നതിലൂടെ വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും അവരുടെ ബിസിനസ് സാധ്യതകള്‍ വിപുലീകരിക്കാനും വിപണി വ്യാപനം വര്‍ധിപ്പിക്കാനും സാധിക്കും. കര്‍ഷകര്‍ മുതല്‍ സംരംഭകര്‍ വരെയുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പ്രോജക്ട് കേവലം ഒരു കാര്‍ഷിക സഹായ പദ്ധതിക്കപ്പുറം വയനാട്ടിലെ കാപ്പി വ്യവസായത്തെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സമഗ്ര നയരേഖയാണ്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യം തിരിച്ചറിഞ്ഞാണ് പദ്ധതി തയാറാക്കിയത്. ഇത് വയനാടന്‍ കാപ്പിയെ സുസ്ഥിര കാപ്പി കൃഷിയുടെ മാതൃകയായി ഉയര്‍ത്തിക്കാട്ടുകയും പ്രാദേശിക കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും ഗുണനിലവാരമുള്ള കാപ്പി തേടുന്ന ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനകരമാവുകയും ചെയ്യും.
പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് കേന്ദ്രീകൃത "ഹബ് ആന്‍ഡ് സ്പോക്ക്' ശൃംഖലയെ അടിസ്ഥാനമാക്കിയാണ്. "കാര്‍ബണ്‍ സ്മാര്‍ട്ട് വില്ലേജ് കോഫി പാര്‍ക്ക്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കേന്ദ്രം, പരിശീലനം, സാങ്കേതിക സഹായം, ഗുണമേന്മ പരിശോധന, മാര്‍ക്കറ്റിംഗ് തുടങ്ങിയ എല്ലാ പിന്തുണകളും ഒരു കുടക്കീഴില് ലഭ്യമാക്കും.
ഈ ഹബ്ബില്‍ നിന്നും വിഭവങ്ങളും അറിവും പ്രാദേശിക കര്‍ഷകരിലേക്ക് എത്തിക്കും. കേവലം ഉത്പാദനം വര്‍ധിപ്പിക്കുക എന്നതിലുപരി, ഉത്പന്നത്തിന്റെ മുഴുവന്‍ മൂല്യശൃംഖലയിലും സുസ്ഥിരത ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധ പദ്ധതികള്‍ക്ക് 30 ലക്ഷം, യന്ത്രവല്‍ക്കരണം 20 ലക്ഷം, ജലസേചനം 20 ലക്ഷം, സംഭരണം 25 ലക്ഷം, അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനും ഉത്പന്ന വികസനത്തിനും 15 ലക്ഷം, വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് 15 ലക്ഷം എന്നിങ്ങനെയാണ് തുക വിനിയോഗിക്കുക.