സ്റ്റാർകെയറിൽ ബൈപോർട്ടൽ എൻഡോസ്കോപിക് നട്ടെല്ല് ശസ്ത്രക്രിയ വിജയകരം
1588899
Wednesday, September 3, 2025 5:13 AM IST
കോഴിക്കോട്: ആരോഗ്യമേഖലയ്ക്ക് അഭിമാനകരമായ നേട്ടം സമ്മാനിച്ച് അതീവ സങ്കീർണമായ എൻഡോസ്കോപിക് സെർവിക്കൽ സ്പൈൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ.
പ്രമുഖ സ്പൈൻ സർജൻ ഡോ. ഫസൽ റഹ്മാനാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. 34 വയസുള്ള ഒരു യുവാവിനാണ് ശസ്ത്രക്രിയ നടത്തിയത്. വലതു കൈയിൽ കഠിനമായ വേദന, ബലക്കുറവ് എന്നിവയായിരുന്നു രോഗി അനുഭവച്ചിരുന്ന ബുദ്ധിമുട്ടുകൾ.
ബൈപോർട്ടൽ എൻഡോസ്കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ശസ്ത്രക്രിയ വളരെ അപൂർവവും ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ളതുമാണ്. 90 മിനിറ്റുകൊണ്ട് രണ്ട് ചെറിയ ദ്വാരങ്ങളിലൂടെയാണ് ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം 12 മണിക്കൂറിനുള്ളിൽ രോഗിയ്ക്ക് നടക്കാൻ സാധിച്ചതായി ഡോക്ടർ ഫസൽ റഹ്മാൻ പറഞ്ഞു.
സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് ഈ ചികിത്സാരീതിക്ക് നിരവധി ഗുണങ്ങളുണ്ട്. രക്തസ്രാവം കുറവാണെന്നതും അണുബാധയ്ക്കുള്ള സാധ്യതയില്ലെന്നതും ഇതിന്റെ പ്രത്യേകതകളാണ്. കൂടാതെ, വേദന കുറവായതുകൊണ്ട് രോഗിക്ക് വേഗത്തിൽ ആശുപത്രി വിടാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും.