ബഥാനിയ ധ്യാനകേന്ദ്രത്തിലെ അഖണ്ഡ ജപമാല സമര്‍പ്പണം അന്‍പതാം ദിനത്തിലേക്ക്
1589165
Thursday, September 4, 2025 5:12 AM IST
പുല്ലൂരാംപാറ: പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 101 ദിനരാത്രങ്ങള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാല സമര്‍പ്പണവും അന്‍പതാം ദിവസത്തിലേക്ക് പ്രവേശിച്ചു. അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ രജത ജൂബിലി വര്‍ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ലോകസമാധാനവും കുടുംബ വിശുദ്ധീകരണവുമാണ് പ്രധാന നിയോഗം. താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂലൈ 17നാണ് അഖണ്ഡ ജപമാല സമര്‍പ്പണം ഉദ്ഘാടനം ചെയ്തത്. ഒക്ടോബര്‍ 25ന് സമാപിക്കും.
അഖണ്ഡ ജപമാല ദിവസങ്ങളില്‍ കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ആരാധനയുണ്ട്. ഞായര്‍ ഒഴികെ എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12നും വൈകുന്നേരം ഏഴിനും ദിവ്യബലി അര്‍പ്പണം ഉണ്ടാകും. പകല്‍ മൂന്നിനും പുലര്‍ച്ചെ മൂന്നിനും കുരിശിന്റെ വഴിയും കരുണക്കൊന്തയുമുണ്ട്. ഉച്ചയ്ക്കും രാത്രിയും നേര്‍ച്ച ഭക്ഷണവുമുണ്ട്.
അഖണ്ഡ ജപമാല സമര്‍പ്പണത്തിന്റെ നൂറാം ദിവസമായ ഒക്ടോബര്‍ 24ന് വൈകുന്നേരം ആറിന് മെഴുകുതിരിയേന്തി ജപമാല റാലിയും രാത്രി ഏഴിന് ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനയും നടക്കും. താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
സമാപന ശുശ്രൂഷകള്‍ പുലര്‍ച്ചെ മൂന്നിന് കരുണക്കൊന്തയോടെ ആരംഭിക്കും. തുടര്‍ന്ന് കുരിശിന്റെ വഴി. രാവിലെ ആറിന് വിശുദ്ധ കുര്‍ബ്ബാന, 10.30ന് സമാപന ജപമാല, 11ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഉച്ചയ്ക്ക് 12.30ന് ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, സമാപന ആശീര്‍വാദം. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം. ശുശ്രൂഷകള്‍ക്ക് ബഥാനിയ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, അസി. ഡയറക്ടര്‍ ഫാ. ആല്ബിന് വിലങ്ങുപാറ, ഫാ. ജോസഫ് പൂവന്നിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.