വിവരാവകാശ സൗഹൃദ കളക്ടറേറ്റ് : ഓഫീസുകളില്‍ വിവരാവകാശ കമ്മീഷണര്‍ പരിശോധന നടത്തി
1588903
Wednesday, September 3, 2025 5:30 AM IST
കോഴിക്കോട്: കളക്ടറേറ്റിലെ മുഴുവന്‍ ഓഫീസുകളും വിവരാവകാശ സൗഹൃദമാക്കുന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തി.
കളക്ടറേറ്റിലെ റവന്യൂ, ഡിഎംഒ, ആര്‍ടിഒ, എല്‍എസ്ജിഡി, പട്ടികജാതി വികസന ഓഫീസുകളിലാണ് പരിശോധനകള്‍ നടത്തിയത്. ഓഫീസുകളിലെ വിവരാവകാശ ഓഫീസര്‍മാരുടെ പേരുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ, വിവരാവകാശ നിയമപ്രകാരം ഓഫീസുകള്‍ സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യമാണ് നേരിട്ട് പരിശോധിച്ചത്.
ഇക്കാര്യങ്ങളില്‍ മികച്ച പുരോഗതി ഓഫീസുകള്‍ കൈവരിച്ചതായി തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ വിവരാവകാശ കമീഷണര്‍ പറഞ്ഞു. ഓഫീസ് ജീവനക്കാരുടെ വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, ഓഫീസ് നല്കുന്ന സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. ഇവ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാവുന്ന രീതിയില്‍ ഡിജിറ്റല്‍ രൂപത്തിലാക്കി സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമം പൂര്‍ണമായി നടപ്പാക്കിയ ദിനമായ ഒക്ടോബര്‍ 12ന് കോഴിക്കോട് കളക്ടറേറ്റിനെ വിവരാവകാശ സൗഹൃദമായി പ്രഖ്യാപിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി വരുംദിനങ്ങളില്‍ കൂടുതല്‍ ഓഫീസുകളില്‍ പരിശോധന നടത്തി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.
കളക്ടറേറ്റിലെ ഓഫീസുകള്‍ ഇക്കാര്യത്തില്‍ കൈവരിച്ച പുരോഗതി വിലയിരുത്തുന്നതിനായി എല്ലാ ഓഫീസുകളില്‍നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍ദേശം നല്കി. വിവരാവകാശ നിയമത്തിലെ 4 (1) ബി വകുപ്പ് പ്രകാരം വിവരാവകാശ അധികാരികള്‍ സ്വമേധയാ സ്വീകരിക്കേണ്ട 17 ഇന നടപടികളിലെ പുരോഗതി വിലയിരുത്തുന്നതിന് ഓഫീസുകള്‍ക്ക് ചെക്ക് ലിസ്റ്റ് നല്‍കും.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ ആര്. ഗൗതം രാജ്, എഡിഎം പി. സുരേഷ്, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ പി.ടി. പ്രസാദ്, ജില്ലാ ഇന്‍ഫമേഷന്‍ ഓഫീസര്‍ സി.പി. അബ്ദുല്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു.