ബിലാത്തിക്കുളം നവീകരണം: വേഗത്തിലാക്കാന്‍ നടപടിയാവുന്നു
1589430
Friday, September 5, 2025 5:03 AM IST
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ബിലാത്തിക്കുളം നവീകരിക്കുന്നതിനും പരിസരം സൗന്ദര്യവത്കരിക്കുന്നതിനും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി (യുഎല്‍സിസിഎസ്) യുടെ ടെന്‍ഡര്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നഗര നവീകരണ, സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം.
ജിഎസ്ടി ഉള്‍പ്പെടെ 84,03,041 രൂപയാണ് ടെന്‍ഡര്‍ തുക. കരാര്‍ തുക 71,21,221.21 രൂപയും. ഇതിന് 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടും. ഇത് ടെന്‍ഡര്‍ എസ്റ്റിമേറ്റ് തുകയുടെ (60,31,356 രൂപ) 18.07 ശതമാനം കൂടുതലാണ്. ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച 300 കോടി രൂപയുടെ നഗര നവീകരണ, സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമാണ് ഈ പ്രവൃത്തി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കിഫ്ബിയില്‍ നിന്ന് 100 കോടി രൂപയുടെ സഹായം ലഭിക്കും. കോഴിക്കോട് നഗരത്തിലെ പ്രവൃത്തികള്‍ക്കായി ഇംപാക്ട് കേരള ലിമിറ്റഡിനെ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളായി ചുമതലപ്പെടുത്തിയിരുന്നു.
ഇംപാക്ട് കേരള ലിമിറ്റഡ് പ്രവൃത്തിക്ക് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍, യുഎല്‍സിസിഎസ് 71,21,221.12 രൂപയാണ് (ജിഎസ്ടി ഇല്ലാതെ) ക്വോട്ട് ചെയ്തത്. ഇത് എസ്റ്റിമേറ്റ് തുകയുടെ 18.07 ശതമാനം കൂടുതലായിരുന്നു. കുറഞ്ഞ തുക ക്വോട്ട് ചെയ്തവരുമായി വിലപേശല്‍ നടത്താനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് യുഎല്സിസിഎസുമായി ചര്‍ച്ച നടത്തിയെങ്കിലും നിരക്ക് കുറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
തുടര്‍ന്ന്, ഇംപാക്ട് കേരള ലിമിറ്റഡിന്റെ ടെന്‍ഡര്‍ അക്സെപ്റ്റന്‍സ് കമ്മിറ്റി യുഎല്‍സിസിഎസ് സമര്‍പ്പിച്ച തുക പരിഗണിച്ചു. ക്വോട്ട് ചെയ്ത തുക എസ്റ്റിമേറ്റ് തുകയേക്കാള്‍ 10 ശതമാനം കൂടുതലാണെങ്കിലും ലോക്കല്‍ മാര്‍ക്കറ്റ് റേറ്റിന് ഉള്ളിലാണെന്ന് കമ്മിറ്റി കണ്ടെത്തി. ഭരണവകുപ്പിന്റെ അനുമതിക്ക് വിധേയമായി യുഎല്‍സിസിഎസിന്റെ ടെന്‍ഡര്‍ അംഗീകരിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.