ഭക്ഷ്യസുരക്ഷ: ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടിച്ചു
1588694
Tuesday, September 2, 2025 7:45 AM IST
കോഴിക്കോട്: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക പരിശോധനയുമായി ഭക്ഷ്യസുരക്ഷ വകുപ്പ് രംഗത്ത്. ഓഗസ്റ്റ് ആദ്യം മുതല്‍ തുടങ്ങിയ ഓണം സ്പെഷല്‍ ഡ്രൈവിനന്റെ ഭാഗമായി അഞ്ചു സ്ക്വാഡുകളായി 330 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഒന്നിലധികം ന്യൂനതകള്‍ കണ്ടെത്തിയ ഒമ്പത് സ്ഥാപനങ്ങള്‍ക്ക് പിഴ അടയ്ക്കുന്നതിനുനോട്ടീസ് നല്കി.
ചെറിയ ന്യൂനതകള്‍ കണ്ടെത്തിയ ഏഴു സ്ഥാപനങ്ങള്‍ക്ക് അവ തിരുത്തുന്നതിനു റെക്ടിഫിക്കേഷന്‍ നോട്ടീസും നല്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. പഴക്കടകള്‍, പച്ചക്കറികടകള്‍, പലചരക്ക് കടകള്‍ എന്നിവയ്ക്കെല്ലാം ഭക്ഷ്യസുരക്ഷ ലൈസന്‍സ് നിബന്ധമാണ്. ഓണക്കാലത്ത് സദ്യകള്‍ വിതരണം നടത്തുന്ന കാറ്ററിംഗ് യൂണിറ്റുകളും ഭക്ഷ്യ മേളകള്‍ നടത്തുന്ന സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കണം. കൂടാതെ ഉപഭോക്താക്കള്‍ പാഴ്സല്‍ ഭക്ഷണം രണ്ടു മണിക്കൂറിനുളളില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യ വസ്തുക്കള്‍ കച്ചവടം നടത്തുന്നതിന് 10 ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.
അതേസമയം ശര്‍ക്കര, നെയ്യ്, പാലട ചിപ്സ്, പരിപ്പ്, പഞ്ചസാര, പപ്പടം, പാല്, പഴവര്‍ഗങ്ങള്‍ തുടങ്ങി 257 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്ക് അയച്ചു. ലാബ് റിപ്പോര്‍ട്ട് വരുന്നതനുസരിച്ച് ഗുണനിലവാര പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭക്ഷ്യ പദാര്‍ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. ഉത്സവകാലത്ത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്താനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് പരിശോധന.
നിലവില്‍ ‘ഓപ്പറേഷന് വെളിച്ചെണ്ണ' പരിശോധനയുടെ ഭാഗമായി 100 ഓളം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഗുണനിലവാരമില്ലാതെ വില്‍പ്പന നടക്കുന്നതായോ, അളവില്‍ കൂടുതല്‍ മായം ചേര്‍ത്ത ഭക്ഷണങ്ങങ്ങളുടെ വില്‍പ്പന, ലൈസന്‍സില്ലാതെ വില്‍പ്പന തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ 18004251125 ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം.
ഭക്ഷ്യോത്പന്ന വിപണനം, വീടുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യോത്പാദന യൂണിറ്റുകള്‍, പായസ വിതരണ സ്റ്റാളുകള്‍ എന്നിവ നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കണം. പായ്ക്ക് ചെയ്തു വില്‍ക്കുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളിലും പൂര്‍ണമായ ലേബല്‍ വിവരങ്ങള്‍ ഉണ്ടായിരിക്കണം. സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചാല്‍ അഞ്ചുലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മീഷണര്‍ സക്കീര്‍ ഹുൈസന്‍ അറിയിച്ചു.