പുതുമോടിയില്‍ ഫറോക്ക് താലൂക്ക് ആശുപത്രി
1588386
Monday, September 1, 2025 3:51 AM IST
കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ 1.70 ഏക്കര്‍ സ്ഥലത്ത് പുതിയതായി കെട്ടിടം നിര്‍മിച്ചത് 23.5 കോടി രൂപ ചെലവഴിച്ച്. 47, 806 ചതുരശ്ര അടി വിസ്തൃതിയില്‍ വിവിധ സ്പെഷ്യാലിറ്റികള്‍, ഓപ്പറേഷന് തിയേറ്ററുകള്‍, ലാബുകള്‍ തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ആശുപത്രിയില്‍ ഒരേസമയം 103 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയും.
ഓക്സിജന്‍ പ്ലാന്റ്, ട്രോമാ കെയര്‍ യൂണിറ്റ്, അത്യാഹിത വിഭാഗം തുടങ്ങിയ സൗകര്യങ്ങളും പുതിയ ആശുപത്രിയുടെ ഭാഗമായുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ച് ഭിന്നശേഷി സൗഹൃദമായി നിര്‍മിച്ച ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ്, പാര്‍ക്കിംഗ് സൗകര്യം, മലിന ജല ശുദ്ധീകരണ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
പൊതുമേഖല സ്ഥാപനമായ വാപ്കോസിനായിരുന്നു നിര്‍മാണ ചുമതല. ഫറോക്ക്, രാമനാട്ടുകര നഗരസഭകള്‍, കോഴിക്കോട് കോര്‍പ്പറേഷനിലെ ചെറുവണ്ണൂര്‍, ബേപ്പൂര്‍ മേഖല, കടലുണ്ടി, മലപ്പുറം ജില്ലയിലെ വാഴയൂര്‍, ചേലേമ്പ്ര, ചെറുകാവ്, വള്ളിക്കുന്ന് പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്ന് രോഗികള്‍ ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കുവേണ്ടി എത്താറുണ്ട്.
നിലവില്‍ ആശുപത്രിയില്‍ ഒപി, ഐപി സേവനം,
ഫാര്‍മസി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍, പൊതുജന ആരോഗ്യം, പാലിയേറ്റീവ് പരിചരണം, ജീവിത ശൈലിരോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, നേത്രപരിശോധന, സ്കൂള്‍ ആരോഗ്യ പദ്ധതി, മാനസികാരോഗ്യ പദ്ധതി, കേള്‍വി പരിശോധന, സ്പെഷാലിറ്റി വിഭാഗം, മെഡിസിന്, ജനറല്‍ വിഭാഗം, പീഡിയാട്രിക് ഒപി, ഡയാലിസിസ്, ദന്ത വിഭാഗം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തി വരുന്നുണ്ട്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.