വികസന പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത
1588380
Monday, September 1, 2025 3:42 AM IST
തിരുവമ്പാടി: വയനാട് -കോഴിക്കോട് ജില്ലകളിലെ യാത്രാദുരിതത്തിന് പരിഹാരവും മേഖലയുടെ സമഗ്രവികസനത്തിന്റെ ചാലകവുമാകുന്ന ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടന ചടങ്ങ് നടന്നത് ഉത്സവാന്തരീക്ഷത്തില്‍. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ സദസില്‍ നേരത്തെ തന്നെ ഇടംപിടിച്ചിരുന്നു.
മുഖ്യമന്ത്രി, മറ്റുമന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക, സാമുദായിക നേതാക്കള്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ആനക്കാംപൊയില്‍ നിന്നാരംഭിച്ച് ഉദ്ഘാടന വേദിയില്‍ എത്തിച്ചേര്‍ന്ന വര്‍ണാഭമായ ഘോഷയാത്രയ്ക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേതൃത്വം നല്കി.
തുരങ്കപാത യാഥാര്‍ഥ്യമാകുന്നതിലൂടെ വാണിജ്യ, കാര്‍ഷിക, വിനോദ സഞ്ചാര മേഖലകള്‍ക്ക് വലിയ കുതിപ്പുണ്ടാകുമെന്ന് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ചരിത്രപരമായും പാരിസ്ഥിതികമായും സംരക്ഷിക്കപ്പെടേണ്ട മേഖലയാണ് വയനാട്. ജനങ്ങളുടെ ജീവിതവും ജീവനോപാദികളും സംരക്ഷിക്കപ്പെടണം. ഭൂമിയിലെ വിഭവങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറയ്ക്ക് കൈമാറുക എന്ന സുസ്ഥിര വികസന മാതൃകയാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, ഒ.ആര്. കേളു എന്നിവര്‍ മുഖ്യാതിഥികളായി. എംഎല്‍എമാരായ ലിന്റോ ജോസഫ്, ടി.സിദ്ദിഖ്, പി.ടി.എ. റഹീം, മുന്‍ എംഎല്‍എമാരായ ജോര്‍ജ് എം. തോമസ്, സി.കെ. ശശീന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്,
താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, മുക്കം നഗരസഭ ചെയര്‍പേഴ്സണ്‍ പി.ടി. ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ജോണ്സണ് (തിരുവമ്പാടി), കെ. ബാബു (മേപ്പാടി) അലക്സ് തോമസ് ചെമ്പകശേരി (കോടഞ്ചേരി), ആദര്‍ശ് ജോസഫ് (കൂടരഞ്ഞി),
നജ്മുന്നീസ ഷെരീഫ് (പുതുപ്പാടി), സുനിത രാജന് (കാരശേരി), ദിവ്യ ഷിബു (കൊടിയത്തൂര്‍), ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.കെ. ഹാഷിം, കെആര്‍സിഎല്‍ ഡെപ്യൂട്ടി സിഇഒ ബിരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാര്‍ഷിക, ടൂറിസം മേഖലകള്‍ക്ക് ഉണര്‍വ്: മന്ത്രി മുഹമ്മദ് റിയാസ്
തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ കാര്‍ഷിക, ടൂറിസം മേഖലകള്‍ക്ക് പുത്തനുണര്‍വുണ്ടാകുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
കാലങ്ങളായി ജനങ്ങള്‍ ആഗ്രഹിച്ച പദ്ധതി പൂര്‍ത്തിയാവുന്നതോടെ രാജ്യത്തിന്റെ പശ്ചാത്തല വികസന മേഖലയ്ക്കാകെ വലിയ പ്രതീക്ഷയാകുമെന്നും കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളത്തില്‍ പൂര്‍ത്തിയായ വികസന പദ്ധതികള്‍ ജനജീവിതത്തില്‍ ഗുണകരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട്: മന്ത്രി കെ.എന്‍. ബാലഗോപാല്‍
പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും സര്‍ക്കാര്‍ തുരങ്കപാത പദ്ധതി യാഥാര്‍ഥ്യമാക്കി മാറ്റിയെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കുന്ന പദ്ധതി തറക്കല്ലിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമാക്കി മാറ്റുകയല്ല സര്‍ക്കാര്‍ ചെയ്തതെന്നും 6000 കോടി രൂപ മുടക്കി വിഴിഞ്ഞം പദ്ധതിയും ദേശീയ പാതയുടെ നിര്‍മാണവുമെല്ലാം സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
വികസന പദ്ധതികള്‍ക്കായി കടമെടുക്കുന്നതിന്റെ പരിധിയില്‍ കേന്ദ്രം കുറവ് വരുത്തിയിട്ടും കിഫ്ബി സഹായത്തോടെ വലിയ വികസനം സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. വയനാട് പുനരധിവാസത്തിനായി ബജറ്റില്‍ 750 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തുരങ്കപാത നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും
വയനാട്- കോഴിക്കോട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റര്‍ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഒന്നാണ്.
കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍നിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. പദ്ധതിയുടെ നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ലിമിറ്റഡാണ്.
നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലിപ് ബില്‍ഡ്കോണ്‍, കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങളാണ് കരാര്‍ ഏറ്റെടുത്തത്. 2134. 5 കോടി രൂപയാണ് പദ്ധതി ചെലവ്.
മലയോര ജനതയ്ക്കുള്ള ഓണസമ്മാനം: ബിഷപ് മാർ ഇഞ്ചനാനിയിൽ
തിരുവമ്പാടി: തുരങ്കപാതയുടെ നിർമാണ പ്രവൃത്തി ഉദ്ഘാടനം മലയോര ജനതയ്ക്കുള്ള ഓണ സമ്മാനമാണെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുരങ്കപാതയ്ക്ക് പിന്നിൽ മുൻ എംഎൽഎ ജോർജ് എം. തോമസിന്റെ ഇടപെടൽ ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യമാണ് തുരങ്കപാതയ്ക്ക് പിന്നിലെന്നും ബിഷപ് പറഞ്ഞു.