അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരേ കോൺഗ്രസ് പ്രതിഷേധം
1588394
Monday, September 1, 2025 3:52 AM IST
നാദാപുരം: വാണിമേൽ പഞ്ചായത്തിൽ നടപ്പിലാക്കിയ വാർഡ് വിഭജനത്തിൽ കോൺഗ്രസ് പ്രതിഷേധം. ഡീലിമിറ്റേഷൻ കമ്മിറ്റിയുടെ എല്ലാ നിർദേശങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണ് വാർഡ് വിഭജനം പൂർത്തിയാക്കിയത്.
വാർഡ് മാറിയ വിലങ്ങാട്ടുള്ള 160 ഓളം വോട്ടർമാർക്ക് വിലങ്ങാട്ടുള്ള പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാൻ കഴിയില്ല. ആറ് കിലോമീറ്റർ സഞ്ചരിച്ച് കരുകുളം ശിശു മന്ദിരത്തിൽ വോട്ട് ചെയ്യണം. ഇതിനെതിരേ ബാലറ്റിലൂടെ ജനങ്ങൾ പ്രതികരിക്കുമെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത എൻഎസ്യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത് പറഞ്ഞു.
കുടുംബ സംഗമത്തിന് ശേഷം വിലങ്ങാട് ടൗണിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻ.കെ. മുത്തലീബ് അധ്യക്ഷത വഹിച്ചു. ജമാൽ കോരങ്കോട്, പി.എ. ആന്റണി, അഷറഫ് കൊറ്റാല, അനസ് നങ്ങാണ്ടി, ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, പി. ബാലകൃഷ്ണൻ, പി.എസ്. ശശി, സെൽമ രാജു തുടങ്ങിയവർ പ്രസംഗിച്ചു.