കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രവർത്തനമാരംഭിച്ച മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു.
പത്ര ദൃശ്യ ശ്രവ്യ ഇലക്ട്രോണിക് ഓണ്ലൈൻ മാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് അംഗീകാരം നൽകുന്നതിനും പെയ്ഡ് ന്യൂസുകൾ നിരീക്ഷിക്കാനുള്ള സംവിധാനമാണ് എംസിഎംസി. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാർത്തകൾ, മുൻകൂർ അനുമതിയില്ലാത്ത പരസ്യ പ്രസിദ്ധീകരണം, സംപ്രേഷണം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക,
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ നൽകാനുള്ള രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നൽകുക എന്നിവയാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എംസിഎംസി) ചുമതലകൾ.
പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, റേഡിയോ, സാമൂഹിക നവമാധ്യമങ്ങൾ, എസ്എംഎസ്/ വോയിസ് മെസേജസ്, തീയറ്ററുകൾ ഉൾപ്പെടെയുള്ള മറ്റ് ദൃശ്യശ്രവ്യ മാധ്യമ സങ്കേതങ്ങൾ, പൊതുസ്ഥലങ്ങളിലെ വീഡിയോഓഡിയോ പ്രദർശനം, ഇപേപ്പറുകൾ, സാമൂഹിക മാധ്യമങ്ങൾ, വെബ്സൈറ്റുകൾ തുടങ്ങിയവയിലെ പരസ്യങ്ങൾക്കും മുൻകൂർ അനുമതി തേടണം.
ഇതര രാജ്യങ്ങൾക്കെതിരേയുള്ള വിമർശനം, മതംസമുദായങ്ങൾക്കെതിരെയുള്ള ആക്രമണം, അപകീർത്തിപ്പെടുത്തൽ, അശ്ലീല പരാമർശം, അക്രമം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പരസ്യങ്ങൾ അനുവദിക്കില്ല. കോടതിയലക്ഷ്യം, നിയമ വ്യവസ്ഥയുടെ വിശ്വാസ്യതയെ പരാമർശിക്കൽ, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവയ്ക്കെതിരേയുള്ളതും ഏതെങ്കിലും വ്യക്തിയുടെ പേര് പറഞ്ഞ് വിമർശിക്കുന്ന പരസ്യങ്ങളും അനുവദിക്കില്ല.
ആരാധനാലയങ്ങളുടെ ചിത്രങ്ങൾ, അടയാളങ്ങൾ, പ്രതീകങ്ങൾ എന്നിവ സമൂഹ മാധ്യമ പോസ്റ്റുകളിലും പ്രചാരണ ഗാനങ്ങളിലും ഉൾപ്പെടുത്തരുത്. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സജ്ജീകരിച്ച മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്.
ജില്ലാ കളക്ടർ, എഡിഎം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ, പ്രസ്ക്ലബ് പ്രസിഡന്റ്, സെക്രട്ടറി എന്നിങ്ങനെ ആറംഗ സമിതിയാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയിലുള്ളത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടന്ന പരിപാടിയിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം. മെഹ്റലി, സുൽത്താൻ ബത്തേരി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ഇ. അനിതകുമാരി, ഡെപ്യൂട്ടി കളക്ടർ കെ. ഗോപിനാഥ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് എ.എസ്. ഗിരീഷ് കുമാർ, പ്രസ് ക്ലബ് സെക്രട്ടറി കെ. മുഹമ്മദ് നിസാം, ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ, എംസിഎംസി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.