വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് കളക്ടര്‍
1299645
Saturday, June 3, 2023 12:55 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലാതെ ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്നും ഭക്ഷ്യവിഷബാധ തടയണമെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരേ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം.
ഹോട്ടലുകളിലെയും കാറ്ററിംഗ് യൂണിറ്റുകളിലെയും ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്തണം. നല്ല ഭക്ഷണം നല്കി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന കടകളെ പ്രോത്സാഹിപ്പിക്കും. ഭക്ഷ്യസ്ഥാപനങ്ങളിലും കടകളിലും ജലപരിശോധന ഉറപ്പുവരുത്തണം. തീരുമാനം പൂര്‍ണ്ണമായും പാലിക്കുന്നതിനായി ഒരു മാസം സമയം അനുവദിക്കുമെന്നും കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകും. തൊഴിലുടമകളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്ക്കെതിരേ തെളിവ് സഹിതം പരാതി നല്കിയാല് കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഭക്ഷ്യസ്ഥാപനങ്ങൾ, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഹോട്ടലുകൾ, തട്ടുകടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഭക്ഷ്യസുരക്ഷ ലൈസന്‍സ് രജിസ്ട്രേഷൻ, ജീവനക്കാരുടെ മെഡിക്കല്‍ പരിശോധന, ജലപരിശോധന റിപ്പോര്‍ട്ട് എന്നിവ ഉറപ്പുവരുത്തണം. പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രദമായ ഭക്ഷണം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ്, ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് വൈ.ജെ.സുബിമോള്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധി ഡോ.നിര്‍മല്‍ ജെയ്ൻ, തദ്ദേശസ്വയംഭരണ അസി.ഡയറക്ടര്‍ ബി.എൻ.സുരേഷ്, കെ.അഹമ്മദ് ഷെരീഫ്, എം.വി.പ്രകാശൻ, സി.കെ.അജിത്കുമാര്‍, നാരായണ പൂജാരി, സി.എം.ഹസൻ, കെ.ജെ.സജി, കെ.എസ്.ശിവദാസ്, വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.