വൈദ്യുതി ബില്‍ പഞ്ചായത്ത് അടച്ചു; ഈസ്റ്റ് എളേരിയില്‍ കുടിവെള്ള വിതരണം തുടങ്ങി
1299651
Saturday, June 3, 2023 12:55 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട പമ്പ് ഹൗസുകളുടെ 1.95 ലക്ഷം രൂപയോളം വരുന്ന വൈദ്യുതി ബില്‍ കുടിശിക പഞ്ചായത്ത് അടച്ചുതീര്‍ത്തു.
ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് വിച്ചേദിച്ച വൈദ്യുതി കണക്ഷനുകള്‍ ഇതോടെ കെഎസ്ഇബി പുന:സ്ഥാപിച്ചു. ഇതേത്തുടര്‍ന്ന് അറക്കത്തട്ട്, വെള്ളടുക്കം, പുളി ഭാഗങ്ങളില്‍ ജലനിധി പദ്ധതിയില്‍ നിന്നുള്ള കുടിവെള്ളവിതരണം പുനരാരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അറിയിച്ചു.
ഇതുവരെ ഈ പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കുകയായിരുന്നു.കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി വൈദ്യുതി ചാര്‍ജ് അടക്കാത്തതിന്റെ പേരില്‍ ഒരുമാസം മുമ്പാണ് ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ജലനിധി പദ്ധതിയുടെ കീഴിലുള്ള എല്ലാ വൈദ്യുതി കണക്ഷനുകളും കെഎസ്ഇബി വിച്ഛേദിച്ചത്. ജലനിധി പദ്ധതിയുടെ പഞ്ചായത്ത് തല കമ്മിറ്റിയുടെ പേരിലാണ് പമ്പ് ഹൗസുകളും വൈദ്യുതി കണക്ഷനുകളും ഉള്ളത്. കമ്മിറ്റി നിയോഗിച്ച ജീവനക്കാര്‍ ഉപഭോക്താക്കളില്‍ നിന്നും മാസാമാസം 150 രൂപ വീതം കൃത്യമായി ഈടാക്കിയിരുന്നെങ്കിലും ഈ തുകയില്‍ നിന്നും വൈദ്യുതി ചാര്‍ജ് അടക്കുന്ന കാര്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി വീഴ്ച വരുത്തിയതായാണ് ആരോപണം.