കുണിയയില്‍ ഉന്നതവിദ്യാഭ്യാസ ഗവേഷണകേന്ദ്രം തുടങ്ങുന്നു
1299991
Sunday, June 4, 2023 7:42 AM IST
പെരിയ: ദേശീയപാതയോരത്ത് പെരിയക്കു സമീപം കുണിയയില്‍ സിവില്‍ സര്‍വീസ് അക്കാദമി, ഗവേഷണകേന്ദ്രം, ഇംഗ്ലീഷ് ഭാഷപഠനകേന്ദ്രം, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവയുള്‍പ്പെടുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിന് ഈ അധ്യയനവര്‍ഷം തുടക്കമാകും. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസപദ്ധതികള്ക്കാണ് കുഞ്ഞഹമ്മദ് മുസ്ലിയാര് മെമ്മോറിയല്‍ (കെഎംഎം) ട്രസ്റ്റിനു കീഴിലുള്ള കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ തുടക്കമാകുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഐഎഎസ് എക്സാമിനേഷനില്‍ ഈ വര്‍ഷം 200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. ഡല്‍ഹിയിലെയും ഹൈദരാബാദിലെയും പരിചയസമ്പന്നരായ അധ്യാപകരുടെ സേവനവും വിശാലമായ ലൈബ്രറി, ഹോസ്റ്റല്‍ സൗകര്യങ്ങളും ലഭ്യമാക്കും. സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിനു കീഴില്‍ ആദ്യഘട്ടത്തില്‍ നാനോ ടെക്നോളജിയില്‍ അന്തര്‍ദേശീയ ഗവേഷണകേന്ദ്രം ആരംഭിക്കും.
കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കുണിയ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ബിഎസ്സി സൈക്കോളജി, ബിഎസ്ഡബ്ല്യു, ബിബിഎ (ഏവിയേഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി), ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷൻ, ബിഎ ഇക്കണോമിക്സ്, ബിഎ ഇംഗ്ലീഷ് വിത്ത് ജേണലിസം, ബിഎ അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി എന്നീ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
മെഡിക്കൽ, എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷകള്‍ക്കും ഗേറ്റ്, ജെആര്‍എഫ്, നെറ്റ്, സെറ്റ്, കെ-ടെറ്റ് എന്നിവയ്ക്കും മത്സരപരീക്ഷകള്‍ക്കും കേന്ദ്രത്തില്‍ പരിശീലനം നല്‍കും. ബ്രിട്ടീഷ് ഇംപീരിയര്‍ ഇംഗ്ലീഷുമായി സഹകരിച്ച് ഇംഗ്ലീഷ് നൈപുണ്യ ക്ലാസുകള്‍ സംഘടിപ്പിക്കും. ഐഇഎല്‍ടിഎസ്, ടോഫല്‍ പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.
ഭാവിയില്‍ യുജിസി അംഗീകാരത്തോടെ ഒരു സ്വകാര്യ സര്‍വകലാശാല പദവിയിലേക്ക് ഉയരുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ കെജിഐ മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് മഷൂദ്, ട്രസ്റ്റികളായ ഡോ.സമീറ ഇബ്രാഹിം, അഹമ്മദ് സാഹില്‍ ഇബ്രാഹിം, ടി.എ.നിസാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രഫ.അബ്ദുല്‍ ഖാദര്‍ മാങ്ങാട്, ചീഫ് അക്കാദമിക് ഓഫീസര്‍ പ്രഫ.സുധീര്‍ ഗഹ്വനെ, കോളജ് അക്കാദമിക് ഡയറക്ടര്‍ യഹ്യ എന്നിവര്‍ സംബന്ധിച്ചു.