നാടിന്റെ ഉറക്കം കെടുത്തി റേഷനരിയില്‍ നിന്നുള്ള പ്രാണികള്‍
1300984
Thursday, June 8, 2023 12:49 AM IST
കാസര്‍ഗോഡ്: റേഷനരിച്ചാക്കുകളില് മുട്ടയിട്ട് പെരുകുന്ന ചെറുപ്രാണികള്‍ കാസര്‍ഗോഡ് കേളുഗുഡ്ഡെ പ്രദേശത്തിന്റെ ഉറക്കം കെടുത്തുന്നു. ഓട്ടുറുമയുമായി രൂപസാദൃശ്യമുള്ള പ്രാണികളാണ് കേളുഗുഡ്ഡെയിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്ന് സമീപപ്രദേശങ്ങളിലെല്ലാം വ്യാപിക്കുന്നത്. രാത്രികാലങ്ങളില്‍ വെളിച്ചം നോക്കി പറന്നെത്തി ആളുകളുടെ ദേഹത്തുപോലും ഇഴഞ്ഞുനടക്കുകയാണ് ഇവയുടെ ശീലം. ചുമരിലും തറയിലും വെള്ളത്തിലുമെല്ലാം സ്ഥാനം പിടിക്കുന്നു.
റേഷനരിയില്‍ ചെറിയ പ്രാണികളെ കാണുന്നത് മുന്‍കാലങ്ങളില്‍ സാധാരണമായിരുന്നെങ്കിലും അവ ഒരിക്കലും പുറത്തേക്ക് വ്യാപിച്ചിരുന്നില്ല. ചൂടുകൂടിയ കാലാവസ്ഥയാണ് ഇവയുടെ വളര്‍ച്ചയ്ക്ക് അനുകൂലമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. നേരത്തേ തലശ്ശേരിയിലെയും പയ്യന്നൂരിലെയും സിവില്‍ സപ്ലൈസ് ഗോഡൗണുകള്‍ ഇവയുടെ ശല്യം മൂലം 10 ദിവസത്തോളം അടച്ചിടേണ്ടിവന്നിരുന്നു.
രാത്രികാലങ്ങളിലാണ് ഇവ കൂട്ടത്തോടെ പുറത്തിറങ്ങി അടുത്തുള്ള വീടുകളിലും കെട്ടിടങ്ങളിലുമെല്ലാം പറന്നെത്തുന്നത്. നേരം പുലരുന്നതോടെ ഗോഡൗണില്‍ തന്നെ തിരികെയെത്തും. അവിടെ അരിച്ചാക്കുകള്ക്കുള്ളിലും ഇടയിലുമാണ് ഇവയുടെ സുഖസുഷുപ്തി.
ഇവയുടെ ശല്യം മൂലം പൊറുതിമുട്ടിയ നാട്ടുകാര്‍ ആരോഗ്യമന്ത്രിക്കും സിവില്‍ സപ്ലൈസ് അധികൃതര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇവയുടെ സാന്നിധ്യം മൂലം അരിക്ക് ദുര്‍ഗന്ധമോ മറ്റു ദോഷഫലങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. ചാക്കുകളെടുത്ത് തട്ടുമ്പോള്‍ ഇവ പറന്നുപോവുകയാണ് പതിവ്. അതുകൊണ്ടുതന്നെ നിലവിലുള്ള സ്റ്റോക്ക് മുഴുവന്‍ തീര്‍ത്തതിനുശേഷം ഗോഡൗണ്‍ പൂര്‍ണമായും വൃത്തിയാക്കി ദോഷകരമല്ലാത്ത കീടനാശിനികള്‍ തെളിച്ച് ഇവയെ അകറ്റാനാണ് അധികൃതരുടെ തീരുമാനം. അരിയുടെ പുതിയ സ്റ്റോക്ക് എത്തിക്കുന്നത് അതിനുശേഷം മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.