കോൺഗ്രസിൽ വീണ്ടും തലമുറമാറ്റം; കെ.വി. രാജേന്ദ്രനും പി.വി. സുരേഷും ബാങ്ക് പ്രസിഡന്റുമാർ
1374695
Thursday, November 30, 2023 7:30 AM IST
കാഞ്ഞങ്ങാട്: ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന സഹകരണബാങ്കുകളുടെ തലപ്പത്ത് വീണ്ടും തലമുറമാറ്റം. നീലേശ്വരം സർവീസ് സഹകരണബാങ്കിൽ കെ.വി. രാജേന്ദ്രനും ഹൊസ്ദുർഗ് പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിൽ പി.വി. സുരേഷും പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു.
നീലേശ്വരം ബാങ്കിൽ പത്തുവർഷം പ്രസിഡന്റായിരുന്ന എം. രാധാകൃഷ്ണൻ നായർ മത്സരരംഗത്തുനിന്ന് മാറിനിന്നാണ് കെ.വി. രാജേന്ദ്രന് വഴിയൊരുക്കിയത്. ദശാബ്ദങ്ങളോളം മുൻ മന്ത്രി എൻ.കെ. ബാലകൃഷ്ണനും പിന്നീട് സ്വാതന്ത്ര്യസമര സേനാനി കെ.ആർ. കണ്ണനും പ്രസിഡന്റായിരുന്ന ബാങ്കിൽ രാധാകൃഷ്ണൻ നായർ പ്രസിഡന്റായത് ആദ്യത്തെ തലമുറമാറ്റമായിരുന്നു.
കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ രാജേന്ദ്രൻ കോഴിക്കോട് ദേവഗിരി കോളജിൽ നിന്നും ബിരുദവും മംഗളൂരു എസ്ഡിഎം കോളജിൽ നിന്നും എൽഎൽബിയും നേടി ഹൊസ്ദുർഗ് ബാറിൽ അഭിഭാഷകനായി പ്രവർത്തിക്കുകയാണ്. സർക്കാർ ജോലി രാജിവെച്ചാണ് പൊതുപ്രവർത്തനത്തിൽ സജീവമായത്.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഇപ്പോൾ ലോയേഴ്സ് കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗവും ജില്ലാ നോട്ടറിയുമാണ്.
ഹോസ്ദുർഗ് പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിന്റെ രൂപീകരണംമുതലിന്നോളം പ്രസിഡന്റായിരുന്ന സ്വാതന്ത്ര്യസമര സേനാനി കെ.വി. നാരായണനാണ് ഇത്തവണ പി.വി. സുരേഷിനു വേണ്ടി സ്ഥാനമൊഴിഞ്ഞത്. എസ്എഫ്ഐയുടെ കോട്ടയായ വെള്ളിക്കോത്ത് സ്കൂളിൽ കെഎസ്യു പ്രവർത്തകനായി പൊതുരംഗത്തെത്തിയ പി.വി. സുരേഷ് കാസർഗോഡ് ഗവ.കോളജ് വിദ്യാർഥിയായിരിക്കേ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗവും പിന്നീട് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.
റേഷൻ കടയിൽ ജോലിചെയ്യുന്നതിനിടയിലാണ് എൽഎൽബി പൂർത്തിയാക്കി അഭിഭാഷകവൃത്തിയിലെത്തിയത്. നിലവിൽ ഡിസിസി ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന സി.കെ. ശ്രീധരൻ ദശാബ്ദങ്ങളോളം പ്രസിഡന്റായിരുന്ന ഉദുമ സർവീസ് സഹകരണബാങ്കിൽ അദ്ദേഹം പാർട്ടി വിട്ടുപോയതിനുശേഷം വി.ആർ. വിദ്യാസാഗർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹൊസ്ദുഗ് സർവീസ് സഹകരണബാങ്കിൽ പ്രവീൺ തോയമ്മലും മാലോത്ത് ബാങ്കിൽ ഹരീഷ് പി. നായരും ഈസ്റ്റ്എളേരി ബാങ്കിൽ മാത്യു പടിഞ്ഞാറേലും ജില്ലാ റബർ മാർക്കറ്റിംഗ് സൊസൈറ്റിയിൽ മനോജ് തോമസും അടക്കം കോൺഗ്രസിൽ നിന്ന് അടുത്തിടെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തെത്തിയിട്ടുണ്ട്.