ഏകലവ്യ സ്പോർട്സ് സ്കൂൾ തത്കാലം പെരിങ്ങോത്ത്
1374946
Friday, December 1, 2023 7:04 AM IST
നീലേശ്വരം: കേന്ദ്രസർക്കാരിന്റെ പട്ടികവർഗ വികസന പദ്ധതിക്കു കീഴിൽ ജില്ലയ്ക്ക് അനുവദിച്ച ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ സ്വന്തമായി കെട്ടിടമൊരുങ്ങുന്നതുവരെ ഇനി കണ്ണൂർ ജില്ലയിലെ പെരിങ്ങോത്ത് പ്രവർത്തിക്കും. സ്കൂളിനായി കിനാനൂർ-കരിന്തളം പഞ്ചായത്ത് ഓഫീസിനു സമീപം 15 ഏക്കർ സ്ഥലമനുവദിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഇതുവരെ നിർമാണപ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല.
മടിക്കൈ ബങ്കളത്തെ വാടകക്കെട്ടിടത്തിലാണ് സ്പോർട്സ് സ്കൂൾ പ്രവർത്തനമാരംഭിച്ചിരുന്നത്. അന്നേ കരിന്തളത്ത് സ്ഥലമനുവദിച്ചിരുന്നെങ്കിലും സ്ഥിരം കെട്ടിടത്തിന്റെ നിർമാണം തുടങ്ങാൻ വൈകി.
120 കുട്ടികൾക്ക് താമസിച്ച് പഠിക്കാനും കായിക പരിശീലനത്തിനുമുള്ള സൗകര്യം വാടകക്കെട്ടിടത്തിൽ ഇല്ലാത്തതിനാലും വാടകയിനത്തിൽ മാസാമാസം വലിയ ചെലവ് വന്നതിനാലുമാണ് പെരിങ്ങോത്ത് മിക്കവാറും എല്ലാ സൗകര്യങ്ങളുമുള്ള പട്ടികവർഗ വകുപ്പിന്റെ സ്വന്തം കെട്ടിടത്തിലേക്ക് മാറിയതെന്നാണ് അധികൃതരുടെ വിശദീകരണം.
60 കുട്ടികൾ വീതമുള്ള രണ്ട് ബാച്ചുകളാണ് ഇപ്പോൾ ഇവിടെ താമസിച്ചു പഠിക്കുന്നത്. വിദ്യാർഥികളിൽ മുക്കാൽ പങ്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്. ബങ്കളത്തെ കെട്ടിടത്തോടുചേർന്ന് കായിക പരിശീലനത്തിന് സൗകര്യമില്ലാത്തതിനാൽ പരിശീലനത്തിനായി കുട്ടികളെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തിരുന്നത്. എന്നാൽ അവിടെ മറ്റു പരിപാടികൾ നടക്കുമ്പോൾ ഇതിനും തടസം വന്നു.
സ്കൂളിനായി മൂന്നുവർഷം മുമ്പ് കരിന്തളത്ത് അനുവദിച്ച സ്ഥലത്തിനു ചുറ്റും കമ്പിവേലി കെട്ടിയതല്ലാതെ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. കെട്ടിട നിർമാണത്തിന് 25 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭ്യമായതാണ്. ദേശീയ പട്ടിക വർഗ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ എജ്യുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സ് 10 കോടി രൂപയും അനുവദിച്ചിരുന്നു. കെഇഎൽ ലിമിറ്റഡാണ് കെട്ടിട നിർമാണത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്.
നിർമാണപ്രവർത്തനങ്ങൾക്കുള്ള ആദ്യഘട്ട തുക ഇവർക്ക് നേരത്തേ കൈമാറിയിട്ടും സ്ഥലത്തിന്റെ മണ്ണുപരിശോധന മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്.
കെട്ടിട നിർമാണം തുടങ്ങാൻ ഇനിയും വൈകിയാൽ അനുവദിച്ച ഫണ്ട് ലാപ്സാകാനും വിദ്യാലയം പെരിങ്ങോത്തുതന്നെ വേരുപിടിക്കാനും സാധ്യതയുണ്ട്. അങ്ങനെയായാൽ കിനാനൂർ-കരിന്തളം പഞ്ചായത്തിന് നഷ്ടപ്പെട്ട പദ്ധതികളുടെ കൂട്ടത്തിൽ ഒന്നുകൂടിയാകും.