സിവിൽ സർവീസ് അക്കാഡമിക്ക് സ്ഥലം കണ്ടെത്തിയിട്ടും ഏറ്റെടുക്കാതെ അധികൃതർ
1374947
Friday, December 1, 2023 7:04 AM IST
കാഞ്ഞങ്ങാട്: ആറുവർഷം മുമ്പ് കേരള സിവിൽ സർവീസ് അക്കാദമിയുടെ പ്രാദേശിക കേന്ദ്രം ജില്ലയ്ക്ക് അനുവദിച്ചപ്പോൾ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും അതിനെ വരവേറ്റത്. മത്സരപരീക്ഷകളിലെ പ്രകടനത്തിലും പരിശീലനസൗകര്യങ്ങളുടെ കാര്യത്തിലും ഏറെ പിന്നോക്കം നിൽക്കുന്ന ജില്ലയിൽ സർക്കാർ തലത്തിൽ തന്നെ മികച്ച സൗകര്യങ്ങളോടെയും കുറഞ്ഞ ചെലവിലും പരിശീലനത്തിന് സൗകര്യമൊരുങ്ങുന്നത് പുതുതലമുറയ്ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നായിരുന്നു പ്രതീക്ഷ.
കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ കാലങ്ങളായി വെറുതേ കിടക്കുന്ന സയൻസ് പാർക്കിന്റെ കെട്ടിടത്തിലാണ് അക്കാഡമിക്ക് താത്കാലിക സൗകര്യമൊരുക്കിയത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള ടാലന്റ് ഡവലപ്മെന്റ് കോഴ്സും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സും ഇവിടെ തുടങ്ങുകയും ചെയ്തു. അവധിദിവസങ്ങളിൽ മാത്രം നടത്തുന്ന ഈ ക്ലാസുകൾക്കു തന്നെ 87 വിദ്യാർഥികൾ പഠിതാക്കളായുണ്ട്.
മുഴുവൻസമയ കോഴ്സുകൾ തുടങ്ങണമെങ്കിൽ സ്വന്തമായി കെട്ടിടവും മറ്റു സൗകര്യങ്ങളും വേണമെന്നായിരുന്നു അക്കാദമി അധികൃതരുടെ നിലപാട്. ഇതിനായി കാഞ്ഞങ്ങാട് നഗരത്തിൽതന്നെ സ്ഥലം കണ്ടെത്താൻ കൊണ്ടുപിടിച്ച ശ്രമം നടന്നു.
ഒടുവിൽ നഗരമധ്യത്തിൽ സംസ്ഥാന പാതയ്ക്ക് സമീപം തന്നെ അരയേക്കർ റവന്യൂഭൂമി കണ്ടെത്തുകയും ചെയ്തു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഇ. ചന്ദ്രശേഖരൻ എംഎൽഎ സംസ്ഥാന സിവിൽ സർവീസ് അക്കാദമി ഡയറക്ടർക്ക് കത്തുനൽകിയിട്ട് ഇപ്പോൾ ഒരുവർഷമാകുന്നു. ഈ ഭൂമി ഏറ്റെടുക്കാൻ തയ്യാറാണെന്നു കാണിച്ച് കളക്ടർക്ക് കത്തുനൽകാൻ ഇതുവരെ അക്കാദമി അധികൃതർ തയ്യാറായിട്ടില്ല.
പിന്നോക്കമേഖലയെന്നു വിശേഷിപ്പിക്കപ്പെടുന്ന കാസർഗോഡ് പോലൊരു ജില്ലയിൽ സ്ഥിരം ക്യാമ്പസിന്റെ ആവശ്യമില്ലെന്ന നിലപാടാണ് അക്കാദമിയുടെ തലപ്പത്തുള്ളവർക്കെന്ന് സൂചന. ഇവിടെ സ്ഥലം ഏറ്റെടുത്ത് മികച്ച സൗകര്യങ്ങളുള്ള കെട്ടിടം നിർമിക്കുന്നത് സർക്കാരിന് നഷ്ടം വരുത്തുമെന്നും താത്കാലിക കെട്ടിടത്തിൽ പോവുന്നത്രകാലം പോകട്ടെയെന്നുമുള്ള നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.
ഇവിടെ മുഴുവൻ സമയ കോഴ്സുകൾ തടങ്ങിയാൽ ആവശ്യത്തിന് പഠിതാക്കളെ കിട്ടില്ലെന്നും അധ്യാപകർക്ക് ശമ്പളം നൽകാൻ പോലും വരുമാനമുണ്ടാവില്ലെന്നുമാണ് വിലയിരുത്തൽ. അക്കാഡമിയിലെ അധ്യാപകർക്ക് ഇവിടംവരെ വന്ന് പഠിപ്പിക്കുന്നതിനുള്ള താത്പര്യക്കുറവും ഈ നിലപാടിൽ പ്രകടമാണ്.
ജില്ലാ ഭരണകൂടത്തിനു കീഴിൽ മത്സരപരീക്ഷാ പരിശീലനം തുടങ്ങിയപ്പോൾ പോലും ആയിരക്കണക്കിന് അപേക്ഷകരുണ്ടായിരുന്ന ജില്ലയാണ്. സിവിൽ സർവീസ് അക്കാദമിയുടെ തന്നെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള കേന്ദ്രങ്ങളിൽ ഇപ്പോൾ താമസിച്ച് പഠിക്കുന്ന എത്രയോ വിദ്യാർഥികളുള്ള ജില്ലയാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളിലെ സിവിൽ സർവീസ് പരീക്ഷകളിൽ മികച്ച റാങ്കുകൾ നേടിയ നിരവധി പേരുടെ ജില്ലയാണ്. ഇത്രയൊക്കെയായിട്ടും ഇവിടെ ഒരു കേന്ദ്രം തുടങ്ങിയാൽ ആവശ്യത്തിന് വിദ്യാർഥികളെ കിട്ടില്ലെന്നാണ് ഇപ്പോഴും തലസ്ഥാനത്തുള്ളവരുടെ വിലയിരുത്തൽ.
ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുതൽ ചെറുപുഴ വരെയുള്ള ഭാഗങ്ങളിൽ നിന്നും താരതമ്യേന ഏറ്റവുമെളുപ്പം എത്തിച്ചേരാവുന്ന സ്ഥലമാണെന്നതുകൊണ്ടാണ് ജില്ലയിൽ അക്കാഡമിയുടെ കേന്ദ്രം സ്ഥാപിക്കാൻ കാഞ്ഞങ്ങാടിനെ തെരഞ്ഞെടുത്തത്.
എന്നിട്ടും ഉറക്കം നടിക്കുന്ന അക്കാദമി അധികൃതരെ ഉർത്തണമെങ്കിൽ ഇനി ജില്ലയിലെ ജനപ്രതിനിധികൾ തന്നെ മുന്നിട്ടിറങ്ങേണ്ടിവരും