ജലപാത വന്നില്ല, കനാൽ മൂടി; നൂറേക്കർ പാടശേഖരത്തിലെ കൃഷി മുടങ്ങി
1375204
Saturday, December 2, 2023 2:07 AM IST
കാഞ്ഞങ്ങാട്: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ജലസേചനപദ്ധതിയുടെ കനാൽ മൂടിയതോടെ രണ്ടാംവിള നെൽകൃഷി നടത്താനാകാതെ പ്രതിസന്ധിയിലായി കാരാട്ടുവയലിലെ കർഷകർ.
ഏതാനും വർഷം മുമ്പ് നടപ്പാക്കിയ കാരാട്ടുവയൽ ജലസേചനപദ്ധതിയുടെ ഭാഗമായി അരയിപ്പുഴയിൽ നിന്നും ദേശീയപാതയ്ക്കടിയിലൂടെ സ്ഥാപിച്ച കനാലിലൂടെയാണ് കാരാട്ടുവയലിലെ നൂറേക്കറിലധികം വരുന്ന പാടശേഖരത്തിലേക്ക് വെള്ളമെത്തിയിരുന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഈ കനാൽ മൂടിപ്പോയതോടെയാണ് നെൽകൃഷിക്ക് വെള്ളം മുടങ്ങിയത്.
നിർദിഷ്ട ഉൾനാടൻ ജലപാതയുടെ ഭാഗമായി നീലേശ്വരം-ചിത്താരി പുഴകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൃത്രിമ കനാലിനായി റൂട്ട് നിശ്ചയിച്ചതും ഇതുവഴിയായിരുന്നു.
ജലസേചനപദ്ധതിയുടെ ഭാഗമായി നിർമിച്ച ചെറിയ കനാൽ നിൽക്കുന്ന ഇടത്തുനിന്നും അല്പം കൂടി മാറിയാണ് ബോട്ട് സർവീസ് ഉൾപ്പെടെ നടത്താനാകുന്ന വലിയ കനാലിനായി സ്ഥലം അടയാളപ്പെടുത്തിയത്. ഇതുകൂടി വരുന്നതോടെ കാരാട്ടുവയലിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത് നടപ്പാകുന്നതിനുമുമ്പേ ചെറിയ കനാൽ മൂടിപ്പോയതാണ് പ്രതിസന്ധിയായത്.
ജലസേചനപദ്ധതിയുടെ കനാൽ ഉപേക്ഷിച്ചിട്ടില്ലെന്നും തൊട്ടടുത്തു തന്നെ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ടെന്നുമാണ് ദേശീയപാതാ അധികൃതരുടെയും ചെറുകിട ജലസേചന വകുപ്പിന്റെയും വിശദീകരണം. എന്നാൽ പുതിയ കനാലിന്റെ പകുതി ഭാഗത്തിന്റെ നിർമാണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഇനി ഇതിനു മുകളിൽ ദേശീയപാതയുടെ നിർമാണം പൂർത്തിയായി വാഹനഗതാഗതം അതുവഴി തിരിച്ചുവിട്ടാൽ മാത്രമേ ബാക്കി ഭാഗത്ത് പഴയ റോഡ് വെട്ടിപ്പൊളിച്ച് നിർമാണം തുടങ്ങാനാകൂ. അതിന് എന്തായാലും മാസങ്ങളെടുക്കുമെന്ന അവസ്ഥയിൽ ഈ വർഷത്തെ പുഞ്ചകൃഷി മുടങ്ങുമെന്ന ആശങ്കയിലാണ് കർഷകർ.
ഡിസംബർ മാസത്തിനകം പുതിയ കനാലിന്റെ പണി പൂർത്തിയാകുമെന്നായിരുന്നു ദേശീയപാതാ കരാറുകാർ ഉറപ്പുനൽകിയിരുന്നതെന്ന് ചെറുകിട ജലസേചന വകുപ്പ് അധികൃതർ പറയുന്നു. ഇത് നീണ്ടുപോയതാണ് പ്രശ്നത്തിനിടയാക്കിയത്. ഇനിയെങ്കിലും കഴിവതും വേഗത്തിൽ പണി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.
കഴിഞ്ഞദിവസം ചെറുകിട ജലസേചനവകുപ്പ് അസി.എക്സി.എൻജിനിയർ എ.പി. സുധാകരൻ, അസി.എൻജിനിയർ അഖിൽ എന്നിവർ സ്ഥലത്തെത്തി പാടശേഖരസമിതി പ്രവർത്തകരുമായി വിഷയം ചർച്ച ചെയ്തിരുന്നു. വരണ്ടുകിടക്കുന്ന പാടശേഖരത്തിന്റെ അവസ്ഥയും അവർ നോക്കിക്കണ്ടു. ഈ വർഷം കൃഷിനടക്കാതെ കാരാട്ടുവയൽ വരൾച്ചയുടെ പിടിയിലമർന്നാൽ ചുറ്റുമുള്ള ജലസ്രോതസ്സുകളും വറ്റിവരളുമെന്നും തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിലടക്കം ജലക്ഷാമമുണ്ടാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
ഉൾനാടൻ ജലപാതയുടെ ഭാഗമായ കൃത്രിമ കനാലിന്റെ രൂപരേഖ ദേശീയപാതാ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും അവരുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആ കനാലിന്റെയും പണി തുടങ്ങാനാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൃത്രിമ കനാലിനായി അടയാളപ്പെുത്തിയ സ്ഥലം മാറ്റിവെച്ചാണ് നിലവിൽ ഇവിടെ ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നത്.