എം. രാധാകൃഷ്ണൻ നായർക്ക് ആദരവുമായി സിപിഎം സഹകരണസംഘം
1375206
Saturday, December 2, 2023 2:07 AM IST
നീലേശ്വരം: പാർട്ടിക്കുള്ളിലെ ധാരണ പ്രകാരം നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ കോൺഗ്രസ് നേതാവ് എം. രാധാകൃഷ്ണൻ നായർക്ക് ബാങ്കിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റ ദിനത്തിൽതന്നെ ആദരമൊരുക്കി സിപിഎം സഹകരണസംഘം.
സിപിഎം നിയന്ത്രണത്തിലുള്ള നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന്റെയും സഹകാരികളുടെയും നേതൃത്വത്തിൽ ദേവരാഗം മിനി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മുൻ എംഎൽഎയും കേരള കോ-ഓപ്പറേറ്റീവ് ഡിപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാനുമായ കെ.പി. സതീഷ് ചന്ദ്രൻ ഉപഹാര സമർപ്പണവും ആഭരഭാഷണവും നടത്തി. നഗരസഭാധ്യക്ഷ ടി.വി. ശാന്ത പൊന്നാടയണിയിച്ചു.
സൊസൈറ്റി പ്രസിഡന്റ് കെ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, പി.വി. രാജേഷ്, എം.വി. രാജീവൻ, പി.കെ. ബാലകൃഷ്ണൻ, കെ. രഘു, പി. രാധാകൃഷ്ണൻ, പി. വിജയകുമാർ, സേതു ബങ്കളം, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ജവഹർ മുരളി, പി.വി. ഷീജ എന്നിവർ പ്രസംഗിച്ചു. ആദരിക്കൽ ചടങ്ങിൽ യുഡിഎഫ് പക്ഷത്തുനിന്നുള്ള സഹകാരികളുടെ കാര്യമായ പങ്കാളിത്തമില്ലാതിരുന്നതും ശ്രദ്ധേയമായി.