നാളികേരത്തെ അവഗണിക്കുന്നവര്‍ നാടിന്റെ സംസ്കാരത്തെ വിസ്മരിക്കുന്നു: തോമസ് ഉണ്ണിയാടൻ
1375761
Monday, December 4, 2023 5:46 AM IST
കാഞ്ഞിരടുക്കം: നാളികേര കൃഷിയെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവലംബിക്കുന്നതെന്നും ഇവര്‍ തെങ്ങും കേരളവും തമ്മിലുള്ള ആത്മബന്ധം മനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന്.
കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക യൂണിയന്റെ സഹകരണത്തോടെ നടന്നുവരുന്ന കേരകര്‍ഷക സൗഹൃദസംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം പെരിയ താന്നിയടിയിലെ പാറേക്കാട്ടില്‍ ജോസഫിന്റെ പുരയിടത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാളികേരം ഉത്പാദനത്തില്‍ നേരത്തെ കേരളമായിരുന്നു ഒന്നാം സ്ഥാനത്ത്. ഇപ്പോള്‍ കേരളം മൂന്നാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ഇനിയും അവഗണന തുടര്‍ന്നാല്‍ ഈ കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിറകോട്ട് പോകും. നാളികേരത്തിന് താങ്ങുവില ഒട്ടും ആശ്വാസകരമല്ല. 42 രൂപയെങ്കിലും ഒരു കിലോ നാളികേരത്തിന് ലഭ്യമാക്കണം. നാളികേരം കൃത്യമായി സംഭരിക്കാനും യഥാസമയം കര്‍ഷകര്‍ക്ക് വില മുഴുവനും നല്കുവാനും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് പൈനാപ്പിള്ളി അധ്യക്ഷത വഹിച്ചു. കേരള കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് മികച്ച കര്‍ഷകനെ ആദരിച്ചു.
ഭാരവാഹികളായ ജോയ് തെക്കേടം, ജോയ് മാരിയടിയില്‍, കൃഷ്ണന് തണ്ണോട്ട്, സക്കറിയ വാടാന, ജയിംസ് കണിപ്പള്ളി, ഷോബി പാറേക്കാട്ടില്‍, പ്രിന്‍സ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.