കേരളത്തെ മദ്യാലയമാക്കരുത്: മദ്യനിരോധന സമിതി
1375762
Monday, December 4, 2023 5:46 AM IST
വെള്ളരിക്കുണ്ട്: മാഹിയിൽ നിന്ന് മദ്യം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നിയമങ്ങളിൽ ഇളവ് വരുത്തുവാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ അപലപിക്കുന്നുവെന്നും ലഹരി വസ്തുക്കളുടെ വിൽപനയും കള്ളക്കടത്തും തടയുവാൻ ഇപ്പോഴുള്ള നിയമങ്ങളെക്കാൾ ശക്തമായ നിയമങ്ങൾ സർക്കാർ നടപ്പിലാക്കണമെന്നും കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സമിതിയുടെ അംഗത്വ മാസാചരണ ഉദ്ഘാടനം വനിതാവിഭാഗം സംസ്ഥാന സെക്രട്ടറി ടെസി സിബി കൈതയ്ക്കൽ, മദ്യവിരുദ്ധ സാമൂഹ്യപ്രവർത്തകയായ സിസ്റ്റർ ജാനറ്റ് എസ്എബിഎസിന് ആജീവനാന്ത അംഗത്വം നൽകി നിർവഹിച്ചു. ഡിസംബർ 15ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന വനിത സമ്മേളനത്തിൽ ജില്ലയിൽനിന്ന് 25 ഓളം വനിതാ പ്രതിനിധികളെ പങ്കെടുപ്പിക്കുമെന്നും ഡിസംബർ മാസത്തിൽ ജില്ലയിലെ ആയിരത്തോളം വീടുകൾ സന്ദർശിച്ച് ലഹരിവിരുദ്ധ ലഘുലേഖകൾ വിതരണം ചെയ്ത് അംഗങ്ങളെ ചേർക്കുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്നും യോഗത്തിൽ സമിതി ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് കുര്യൻ തെക്കേകണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ, വനിത വിഭാഗം സംസ്ഥാന സെക്രട്ടറി ടെസി സിബി കൈതയ്ക്കൽ,ജില്ലാ സെക്രട്ടറി റോയി ആശാരികുന്നേൽ, മലബാർ മേഖലാ കോ-ഓർഡിനേറ്റർ ബേബി ചെട്ടിക്കാതോട്ടത്തിൽ, സിസ്റ്റർ ജയ ആന്റോ, ജില്ല വൈസ് പ്രസിഡന്റ് ലൂസി പുല്ലാട്ടുകാലായിൽ, ജില്ലാ ട്രഷറർ ജോസഫ് വടക്കേട്ട്, സംസ്ഥാന സമിതി അംഗം കൃഷ്ണൻ പാച്ചേനി, പഞ്ചായത്തംഗം ലില്ലിക്കുട്ടി മൂലേതോട്ടത്തിൽ, ഷാലി പാലാവയൽ എന്നിവർ പ്രസംഗിച്ചു.