നീലേശ്വരം റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോം ശുചീകരിച്ച് ജനകീയ കൂട്ടായ്മ
1375764
Monday, December 4, 2023 5:46 AM IST
നീലേശ്വരം: മാസങ്ങളായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനാല്‍ മാലിന്യങ്ങള്‍ നിറഞ്ഞ നീലേശ്വരം റെയില്‍വെ സ്റ്റേഷന് പ്ലാറ്റ്ഫോം നീലേശ്വരം റെയില്‍വേ വികസന ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വെവ്വേറെ ശേഖരിച്ചാണ് പുഴുക്കള്‍ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയില്‍ നിന്ന് പ്ലാറ്റ്ഫോം ശുചീകരിച്ചത്.
ഇന്റര്‍സിറ്റി എക്സ്പ്രസ് സ്റ്റോപ്പ് ലഭ്യമായതോടെ എല്ലാ സമയത്തും യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളില്‍ വരുമാനം കുറവുള്ള സ്റ്റേഷനുകളുടെ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്തിയത് കൊണ്ട് റെയില്‍വെയുടെ ശുചീകരണ സംവധാനം സ്റ്റേഷനില്‍ ലഭ്യമല്ല.
ബദല്‍ സംവിധാനം എത്രയും പെട്ടെന്ന് സജ്ജീകരിക്കാന്‍ റെയില്‍വെ അധികൃതര്‍ തയ്യാറാകണമെന്ന് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മ മാസങ്ങള്‍ക്ക് മുമ്പെ ആവശ്യപ്പെട്ടിരുന്നു.
കാഞ്ഞങ്ങാടും പയ്യന്നൂരും ശുചീകരണത്തിന് സംവിധാനങ്ങളുണ്ടെങ്കിലും നീലേശ്വരത്ത് യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചുവെന്ന അറിയിപ്പും യാത്രക്കാര്‍ സ്റ്റേഷനും പരിസരവും ശുചിത്വമുള്ളതും മാലിന്യ മുക്തവും ആക്കാന്‍ സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയുമാണ്.
കാഞ്ഞങ്ങാട് സ്റ്റേഷനിലെ ശുചീകരണ പ്രവര്‍ത്തി ഏറ്റെടുത്തവര്‍ക്ക് നീലേശ്വരം സ്റ്റേഷനിലെ ശുചീകരണ ചുമതലകൂടി നല്കാന് അധികൃതര്‍ തയ്യാറായില്ലെങ്കില്‍ എല്ലാ മാസങ്ങളിലും ആദ്യത്തെ ഞായറാഴ്ച വിവിധ സാമൂഹ്യ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. ജനകീയ കൂട്ടായ്മ പ്രസിഡന്റ് നന്ദകുമാര്‍ കോറോത്ത്, ഗോപിനാഥന് മുതിരക്കാല്‍, ഇടയില്ലം രാധാകൃഷണന് നമ്പ്യാര്‍, പത്മനാഭന് നായര്‍ മാങ്കുളം, എ.വി. പത്മനാഭന്, ടോംസണ് ടോം എന്നിവര്‍ നേതൃത്വം നല്കി.
റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് കാടുവെട്ടിത്തെളിച്ച് പാര്‍ക്കിംഗിന് അനുമതി നല്കി റെയില്‍വെ സ്റ്റേഷന് റോഡിലെ വാഹന കുരുക്ക് ഒഴിവാക്കാന്‍ മുന്‍കൈ എടുത്ത റെയില്‍വേ അധികൃതരെ ജനകീയ കൂട്ടായ്മ യോഗം അഭിനന്ദിച്ചു.