കടന്നലുകളുടെ ആക്രമണം: പ്രവാസി കിണറ്റിൽ ചാടി, മൃഗാശുപത്രി ജീവനക്കാരൻ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി
1376996
Saturday, December 9, 2023 2:13 AM IST
തൃക്കരിപ്പൂർ: വലിയപറന്പിൽ മരണഭീതി വിതച്ച് ആർത്തിരമ്പിയെത്തിയ കടന്നൽകൂട്ടം. കിണറ്റിൽ ചാടിയും സ്കൂട്ടർ ഉപേക്ഷിച്ച് ഓടിയുമാണ് രണ്ടുപേർ ജീവനോടെ രക്ഷപെട്ടത്.
വലിയപറമ്പ് മൃഗാശുപത്രിക്ക് സമീപമാണ് സംഭവം. കടന്നൽ കുത്തേറ്റ മൃഗാശുപത്രി ജീവനക്കാരൻ ഇ. അശോക് കുമാർ(53), പ്രവാസി വലിയപറമ്പിലെ സി. ബാലകൃഷ്ണൻ(59), നിർമാണ തൊഴിലാളി ബിഹാർ സ്വദേശി ഫാറൂഖ്(19) എന്നിവർ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.
വലിയ കടന്നൽ കൂട്ടിൽ പരുന്ത് കൊത്തിയതോടെ ആയിരക്കണക്കിന് വരുന്നവ കൂട്ടത്തോടെ ഇളകി വരുകയായിരുന്നു.
ഇന്നലെ രാവിലെ വീടിനടുത്ത് ക്വാർട്ടേഴ്സിന്റെ നിർമാണത്തിനിടയിലാണ് ബാലകൃഷ്ണനെയും തൊഴിലാളി ഫാറൂഖിനെയും ആദ്യം കടന്നലുകൾ കുത്തിയത്. ബാലകൃഷ്ണൻ തൊട്ടടുത്ത പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ എടുത്തു ചാടുകയായിരുന്നു.
കിണറ്റിൽ ചാടിയിട്ടും ബാലകൃഷ്ണനെ കടന്നലുകൾ വെറുവിട്ടില്ല. കടന്നലുകൾ കൂട്ടത്തോടെ ആർത്തിരന്പിയെത്തി. ബാലകൃഷ്ണൻ തന്റെ കൈയിലുണ്ടായിരുന്ന തോർത്ത് വെള്ളത്തിൽ നനച്ച് ഇതുകൊണ്ട് കടന്നലുകളെ അടിച്ചുകൊന്നാണ് രക്ഷപെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് ബാലകൃഷ്ണനെ പുറത്തെത്തിച്ചത്.
ഉച്ചയോടെയാണ് കന്നുകാലികൾക്ക് കുളമ്പുരോഗത്തിനുള്ള കുത്തിവെപ്പ് കഴിഞ്ഞ് സ്കൂട്ടറിൽ തിരിച്ചു വരവേയാണ് സ്കൂട്ടറിൽ മൃഗാശുപത്രി ജീവനക്കാരൻ അശോക് കുമാറിനെ കടന്നലുകൾ കുത്തിയത്.സ്കൂട്ടർ ഉപേക്ഷിച്ച് കായലിനരികിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ തലയുടെ പിൻഭാഗത്തും കൈകളിലും കുത്തേറ്റ അശോക് കുമാറിനെ ഹെൽമറ്റ് ഊരി മാറ്റി മൃഗാശുപത്രി ജീവനക്കാർ തൃക്കരിപ്പൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മൂന്നു തൊഴിലുറപ്പ് തൊഴിലാളികൾക്കും ഇവിടെ നിന്നും കുത്തേറ്റിരുന്നു. പിന്നീട് നാട്ടുകാർ കടന്നൽ കൂട് തീയിട്ട് നശിപ്പിച്ചു.