പുറ്റിംഗൽ വെടിക്കെട്ട് ദുരന്തക്കേസ്: സ്ഥിരം ജഡ്ജിയെ നിയമിച്ചു
1572813
Friday, July 4, 2025 6:22 AM IST
കൊല്ലം :പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്ത കേസിന്റെ വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിൽ സ്ഥിരം ജഡ്ജിയെ നിയമിച്ചു.
ഡോ.സി.എസ്.മോഹിതിനെയാണ് നിയമിച്ചത്. അദ്ദേഹം ഇന്നലെ ചുമതലയേറ്റു. ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജിക്കു താൽക്കാലിക ചുമതല നൽകിയായിരുന്നു കേസ് നടപടികൾ ഇതുവരെ തുടർന്നു വന്നിരുന്നത്.
കുറ്റപത്രം സംബന്ധിച്ച പ്രാഥമിക വാദം കേൾക്കുന്നതിനായി കേസ് നാളെ പരിഗണിക്കും. അന്ന് എല്ലാ പ്രതികളും ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിച്ച് ക്രൈംബ്രാഞ്ച് സംഘം തയാറാക്കിയ കുറ്റപത്രത്തി അടിസ്ഥാനത്തിൽ പ്രതികൾക്ക് എതിരേ കോടതി വിവിധ വകുപ്പുകൾ ചുമത്തുന്നതുമായി ബന്ധപ്പെട്ടാണു പ്രാഥമിക വാദം കേൾക്കുന്നത്. പ്രതികൾ വിടുതൽ ഹർജി ( ഡിസ്ചാർജ് പെറ്റീഷൻ ) സമർപ്പിക്കുകയാണെങ്കിൽ അതുകൂടി പരിഗണിച്ചായിരിക്കും പ്രാഥമിക വാദം തുടങ്ങുന്നത്.
കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയതിനെ തുടർന്നു പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 30ാം പ്രതി അടൂർ ഏറത്ത് രാജ് ഭവനിൽ അനുരാജിന്റെ (അനു) ജാമ്യക്കാരനിൽ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച കേസ് ഇന്നു വീണ്ടും പരിഗണിക്കും.
രണ്ട് ജാമ്യക്കാരിൽ ഒരാൾ പിഴ തുക അടയ്ക്കുകയുണ്ടായി. വ്യക്കരോഗത്തിനു ചികിത്സയിൽ ആയതിനാൽ പിഴ ഒഴിവാക്കണമെന്നുകാണിച്ചു ഒന്നാം ജാമ്യക്കാരൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. വെടിക്കെട്ട് അപകടക്കേസിൽ 59 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 14 പേർ ജീവിച്ചിരിപ്പില്ല.
അവശേഷിക്കുന്നവരിൽ പിടികിട്ടാപ്പുള്ളി ഒഴികെ 44 പ്രതികൾക്കെതിരെ ആണു വിചാരണ നടപടികൾ ആരംഭിക്കാൻ പോകുന്നത്. 2016 ഏപ്രിൽ 10നു പുലർച്ചെ രണ്ടിനായായിരുന്നു വെടിക്കെട്ട് അപകടം നടന്നത്. 110 പേർ മരിക്കുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്.
കൊല്ലം കളക്ടറേറ്റിന് സമീപത്തെ ടി.എം. വർഗീസ് സ്മാരക ഹാളിന് വടക്കുവശത്താണ് പ്രത്യേക കോടതി പ്രവർത്തിക്കുന്നത്. ഇനി മുതൽ എല്ലാ ശനിയാഴ്ചകളിലും കേസ് പരിഗണിച്ചേക്കും എന്നാണ് വിവരം.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.