തിരക്കുള്ള റോഡ് തടഞ്ഞു ഇലക്ട്രിസിറ്റി ബോർഡിന്റെ ട്രാൻസ് ഫോർമർ മാറ്റം
1572820
Friday, July 4, 2025 6:22 AM IST
കൊല്ലം: വഴിയാത്രക്കാർക്കോ വാഹനങ്ങളിൽ പോകുന്നവർക്കോ യാതൊരു സുരക്ഷയും ഒരുക്കാതെ തിരക്കുള്ള റോഡ് തടഞ്ഞു ഇലക്ട്രിസിറ്റി ബോർഡിന്റെ ട്രാൻസ് ഫോർമർ മാറ്റം യാത്രക്കാരുടെയും വാഹനം ഓടിക്കുന്നവരുടെയും പ്രതിഷേധത്തിനിടയാക്കി.
കൊല്ലം ശാരദ മഠത്തിനു സമീപമുള്ള ട്രാൻസ് ഫോർമറാണ് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെ ഇ ബി ഉദ്യോഗസ്ഥർമാറ്റിയത്.സ്കൂളുകളും കോളജുകളും വിട്ടു വിദ്യാർഥികൾ മടങ്ങുന്ന സമയത്താണ് സംഭവം. ശാരദ മഠത്തിൽ നിന്ന് പോളയത്തോട്, കടപ്പാക്കട, തിരിച്ച് ചിന്നക്കടയിലേക്കും വരേണ്ട വാഹനങ്ങൾ പോകുന്ന റോഡിൽ ജെ സി ബി റോഡിനു കുറുകെ നിർത്തി ഇലക്ട്രിസിറ്റി ജീവനക്കാർ തടയുകയായിരുന്നു.
ഇരു വശങ്ങളിൽ നിന്നും എത്തിയ വാഹനങ്ങൾ ആകട്ടെ റോഡിൽ നിർത്തിയിരിക്കുന്ന ജെ സി ബി കണ്ടാണ് ബ്രേക്ക് ഇട്ടു വിവരം തിരക്കുന്നത്.യാതൊരു സുരക്ഷാ ക്രമീകരങ്ങളും ചെയ്യാതെയായിരുന്നു ട്രാൻസ് ഫോർമർ മാറ്റം.
ഇത് മൂലം രണ്ടു മണിക്കൂറാണ് തിരക്കുള്ള ഈ റോഡിൽ ഗതാഗതം തടസപ്പെട്ടത്. ടു വീലർ യാത്രക്കാരും വിദ്യാർഥികളും ജെ സി ബിക്ക് അടിയിലൂടെയാണ് യാത്ര ചെയ്യേണ്ടി വന്നത്. യാതൊരു മുൻ കരുതൽ നടപടികൾ ഇല്ലാതെയും സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാതെയുമുള്ള ഇ ബി ഉദ്യോഗസ്ഥരുടെ നടപടിയെ വാഹനങ്ങളിൽ എത്തിയവർ ചോദ്യം ചെയ്തത് വാക്ക് തർക്കത്തിനും ഇടയാക്കി.