വന മഹോത്സവം 2025 : തെന്മലയില് വിപുലമായ പരിപാടികള്‍
1572818
Friday, July 4, 2025 6:22 AM IST
തെന്മല : വനമഹോത്സവ ഭാഗമായി ഏഴുവരെ കേരള വനം വകുപ്പ് ശെന്തുരുണി വന്യജീവി സങ്കേതത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ആഘോഷപരിപാടികളുടെ ഡിവിഷൻ തല ഉദ്ഘാടനം ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ എസ് .ഹരിലാല്‍ ഹീരലാൽ വൃക്ഷതൈ നട്ട് നിര്‍വഹിച്ചു.
പൊതുജനങ്ങളുടെയും ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി അംഗങ്ങളുടെയും ഇക്കോ ടൂറിസം ജീവനക്കാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെന്മല ഡാം പത്തേക്കർ റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷം റോഡിലെ കുഴികൾ മണ്ണിട്ട് നികത്തി ഗതാഗത യോഗ്യമാക്കി.
വരും ദിവസങ്ങളിൽ വനത്തിനുള്ളിലും പരിസരങ്ങളിലും വൃക്ഷ തൈകൾ നടുകയും,വീത്തൂട്ട് എന്നപേരിൽ വിത്തുണ്ടകൾ നിക്ഷേപിക്കുകയും ചെയ്യും.
വിദേശി സസ്യങ്ങളും കളകളും നിർമാർജനം ചെയ്യുകയും, ലഹരി ബോധവൽക്കരണ ക്ലാസ്, പരിസ്ഥിതി ബോധവൽക്കരണ ക്യാമ്പ്, ഇക്കോ ടൂറിസം സന്ദർശകർക്കായി സ്പോട്ട് ക്വിസ്, റീൽ മേക്കിങ് മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
പരിപാടികളിൽ താല്പര്യമുള്ള സ്കൂൾ കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാവന്നതാണെന്നു അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് റ്റി. എസ്. സജു അറിയിച്ചു