സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്
1574330
Wednesday, July 9, 2025 6:32 AM IST
കൊല്ലം: മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് സുഹൃത്തിനെ കൊലപ്പെടുത്തുകയും മറ്റ് മൂന്നു സുഹൃത്തുക്കളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
അമ്പലപ്പുഴ മണ്ണഞ്ചേരി മുറിയാക്കല്‍ വീട്ടില്‍ അനൂപിനെ(35)യാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സി.എം .സീമ ശിക്ഷിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ നാല് മാസം കഠിന തടവും അനുഭവിക്കണം. കൊലപാതക ശ്രമത്തിന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാതിരുന്നാല്‍ രണ്ട് മാസം കഠിന തടവും അനുഭവിക്കണം. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
ആലപ്പുഴ തുറവൂര്‍ പള്ളിത്തോട് കരയില്‍ കളത്തില്‍ വീട്ടില്‍ പീറ്റര്‍ (ജന്‍സണ്‍-28) ആണ് കൊല്ലപ്പെട്ടത്.കൊട്ടാരക്കര പടിഞ്ഞാറെ തെരുവില്‍ സജിവിലാസം വീട്ടില്‍ അജി, ചേര്‍ത്തല കുത്തിയതോട് പള്ളിത്തോട് പരുത്തി വീട്ടില്‍ ബെന്സിലാല് പട്ടാഴി വടക്കേക്കര വില്ലേജില്‍ ഏറത്ത് വടക്ക് അഖില്‍ നിവാസില്‍ അരുണ്‍രാജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
2016 ഓഗസ്റ്റ് 20നായിരുന്നു സംഭവം. പട്ടാഴിയിലെ ടൈല്‍സ് വര്‍ക്ക് കരാറുകാരനായ ശിവന്‍കുട്ടിയുടെ തൊഴിലാളികളാണ് ഇവരെല്ലാം. ശിവന്‍കുട്ടി എടുത്തുനല്‍കിയ വീട്ടിലായിരുന്നു ഇവരുടെ താമസം. സംഭവ ദിവസം രാത്രി പത്തോടെ അഞ്ചുപേരും ചേര്‍ന്ന് വാടകവീട്ടില്‍ ഇരുന്ന് മദ്യപിക്കുകയും കാരംസ് കളിക്കുകയും ചെയ്യുന്നതിനിടെ പ്രതി അനൂപിന് ഫോണ്‍ വന്നു.
ഫോണ്‍ സംസാരിക്കുന്നതിനായി അനൂപ് മറ്റുള്ളവരോട് വീടിനു പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും, അത് നിരസിച്ചതിനെ തുടര്‍ന്ന് 'ഇറങ്ങിയില്ലെങ്കില്‍ നിന്റെയൊക്കെ ശവം ഇവിടെ നിന്നും കൊണ്ടു പോകേണ്ടിവരും' എന്ന് പറഞ്ഞ് ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന മടക്ക്കത്തി എടുത്ത് അജിയെ നെഞ്ചില്‍ കുത്തുകയും തുടര്‍ന്ന് തടസം പിടിക്കാന്‍ എത്തിയ ജെന്സണ്, അരുണ്‍രാജ്, ബെന്സിലാല് എന്നിവരെ നെഞ്ചിലും, വയറിലുമായി കുത്തുകയായിരുന്നു. കുത്തുകൊണ്ട നാലു പേരെയും അടൂര്‍ താലൂക്ക് ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഓഗസ്റ്റ് 24ന് ജെന്സണ് മരിച്ചു.
പത്തനാപുരം എസ്ഐയായ രാഹുല്‍ രവീന്ദ്രന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്തനാപുരം ഇന്‍സ്പെക്ടറായി റജി എബ്രഹാമാണ് അന്വേഷണം നടത്തിയത്. സിഐ ബിനുവര്‍ഗീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി. വിനോദ് ഹാജരായി.