മത്സ്യമാലിന്യം കയറ്റി വന്ന ലോറി ചാത്തന്നൂരിൽ കുടുങ്ങി
1574346
Wednesday, July 9, 2025 6:42 AM IST
ചാത്തന്നൂർ : മത്സ്യമാലിന്യവുമായി വന്ന വാഹനം അപകടത്തിൽ പെട്ട് ദേശിയ പാതയോരം ദുർഗന്ധത്തിലായി. അസഹ്യമായ ദുർഗന്ധം പരന്നതോടെ വഴിയാത്രക്കാരിൽ പലർക്കും ഛർദ്ദിയും അസ്വസ്ഥതകളും ഉണ്ടായി. വാഹനത്തിന്റെ മലിനജല ടാങ്ക് പൊട്ടിയതോടെയാണ് പാതയോരം ആകെ ദുർഗന്ധ പൂരിതമായത്.
തിങ്കളാഴ്ച വൈകുന്നേരം ആണ് സംഭവം. അമ്പലപ്പുഴയിൽ നിന്നും മത്സ്യമാലിന്യവുമായി തമിഴ് നാട്ടിലെ കൂനം കുളത്തേക്ക് പോവുകയായിരുന്ന മൂടിയുള്ള വാഹനത്തിന്റെ മലിനജല സംഭരണി പൊട്ടി മലിനജലം റോഡിൽ ഒഴുകുകയായിരുന്നു.
വാഹനത്തെ പിന്തുടർന്ന് ചാത്തന്നൂർ പെട്രോൾ പമ്പിന് സമീപം വച്ച് നാട്ടുകാർ തടഞ്ഞു.തുടർന്ന് ദേശീയ പാതയിൽ ആളൊഴിഞ ഭാഗത്ത് ഒതുക്കിയ വാഹനത്തിന്റെ ടാങ്ക് അഴിച്ചു മാറ്റി മുകളിലേയ്ക്ക് ഉയർത്തി കെട്ടിയ ശേഷം രാത്രി ഒന്പതോടെ യാത്ര തുടർന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ എത്തി വാഹനം കിടന്ന ഭാഗത്ത് അണുനാശിനി ഒഴിച്ച് ശുചിയാക്കി.