ആയിരവല്ലിപ്പാറ ഇക്കോ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തും: മന്ത്രി കെ.എൻ.ബാലഗോപാൽ
1573992
Tuesday, July 8, 2025 5:59 AM IST
കൊല്ലം: ആയിരവല്ലിപ്പാറ സംരക്ഷിക്കുന്നതിനോടൊപ്പം പ്രകൃതിക്ക് ദോഷം വരാത്ത പ്രവർത്തനങ്ങളിലൂടെ ടൂറിസം സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ.എൻ .ബാലഗോപാൽ.
ആയിരവല്ലിപ്പാറ ടൂറിസം വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനും ഖനനം സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മന്ത്രി ആയിരവല്ലിപ്പാറ സന്ദർശിച്ചു. ഒട്ടനവധി പേർ എത്തുന്ന ആയിരവല്ലിപ്പാറ ഇക്കോ ടൂറിസം സാധ്യതകൾ ഉള്ള മേഖലയാണ്.
ചുറ്റും പാറകളുള്ള ആയിരവല്ലി പാറയിൽ നിന്നുള്ള കാഴ്ച കൊല്ലത്തെ മറ്റ് പാറകളെക്കാൾ വ്യത്യസ്തവും അപൂർവവുമാണ്. കഴിഞ്ഞ ബജറ്റിൽ കൊട്ടാരക്കര മണ്ഡലത്തിലെ ടൂറിസം വികസന പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപവകയിരുത്തിയിട്ടുണ്ട്. അതിൽ ആയിരവല്ലി പാറയുടെ വികസനത്തിനുള്ള പ്രോജക്റ്റ് റിപ്പോർട്ടിലെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്.
പ്രദേശത്തെ പൊങ്ങൻ പാറ, ആറാം പാറ, വികസന പ്രവർത്തനങ്ങൾ നടക്കുന്ന മുട്ടറ മരുതിമല, ജഡായു പാറ എന്നിവ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ആയിരവല്ലി പാറയിലേക്കുള്ള വഴി സൗകര്യം മെച്ചപ്പെടുത്തും. പാറയ്ക്ക് 300 അടിയോളം പൊക്കമുള്ളതിനാൽ വിനോദസഞ്ചാരികൾ വരുമ്പോൾ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ സംരക്ഷണ പ്രവർത്തനങ്ങൾ സ്വീകരിക്കും. റോപ്പ് വേ, സാഹസിക ടൂറിസം തുടങ്ങിയവയുടെ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ഭൂമിയും സംരക്ഷണ മേഖലയുമായതിനാൽ ഖനന പ്രവർത്തനങ്ങൾ സാധ്യമല്ല. പാറഖനനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് പഞ്ചായത്തും റവന്യൂ വകുപ്പും നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് .രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, വാർഡ് മെമ്പർമാർ തുടങ്ങിയവർ സന്ദർശനത്തിനുണ്ടായിരുന്നു.