ചന്ദനമര മോഷ്ടാക്കാള്‍ വനപാലകരുടെ പിടിയില്‍
1573776
Monday, July 7, 2025 6:02 AM IST
അഞ്ചൽ: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിരവധി ചന്ദന മരമോഷണ കേസുകളിൽ പ്രതികളായിട്ടുള്ള രണ്ടുപേരെ അഞ്ചൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
കൊല്ലം ഉമയനല്ലൂർ സ്വദേശി മുജീബ് (49), പാലക്കാട് നെല്ലായി സ്വദേശി അബ്ദുൾ അസീസ് (40) എന്നിവരെയാണ് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. ദിവ്യയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്.
2024-ല്‍ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലായിട്ടാണ് ഇപ്പോള്‍ പ്രതികള്‍ പിടിയിലായിരിക്കുന്നത്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ നിന്നും ഉള്‍പ്പടെ നിരവധി ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയിട്ടുള്ള പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു വനം വകുപ്പ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇതിനിടയില്‍ കേസിലെ പ്രധാനി അബ്ദുല്‍ അസീസ് പാലക്കാട് ഉള്ളതായി വനം വകുപ്പിന് രഹസ്യ വിവരം ലഭിക്കുന്നത്. ഇതേ തുടര്‍ന്നു പാലക്കാട് എത്തിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്ത് നിന്നുമാണ് മുജീബിനെ പിടികൂടിയത്.
കൊല്ലം അയത്തില്‍, കുറ്റിച്ചിറ മേഖകളില്‍ നിന്നും കവര്‍ച്ച ചെയ്ത മൂന്ന് ചന്ദനമര മോഷണകേസുകളിലാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. 2014 മുതല്‍ ഇവര്‍ ചന്ദനം കടത്തു അടക്കം നിരവധി വനം കേസുകളില്‍ പ്രതിയാണെന്ന് റേഞ്ച് ഓഫീസര്‍ എസ്. ദിവ്യ പറഞ്ഞു.
അഞ്ചല്‍ പരിധിയില്‍ നിലവില്‍ മൂന്ന് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ കൂടുതല്‍ കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ എന്നന്വേഷിക്കുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി.
കൊല്ലം, കിളികൊല്ലൂര്‍, കുണ്ടറ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ നിന്നും ഇവര്‍ ചന്ദന മര കവര്‍ച്ച നടത്തിയതായി വനം വകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. 2014-ല്‍ കൊല്ലം പരവൂര്‍ മേഖലയില്‍ നിന്നും ചന്ദന മരംകവര്ച്ച ചെയ്തതിന് പിടിയിലായ അബ്്ദുൾ അസീസ് കേസില്‍ ജാമ്യമെടുത്ത ശേഷം ഒളിവില്‍ പോവുകയായിരുന്നു.
ഈകേസില്‍ ഇയാള്‍ക്കെതിരേ കോടതി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ചന്ദനം കടത്തിയ കാറും വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.