തുമ്പോട് സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളി നൂറാം വർഷത്തിലേക്ക്
1573429
Sunday, July 6, 2025 6:39 AM IST
ഭാരതീപുരം തുമ്പോട് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിൽപ്പെട്ട തുമ്പോട് സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളി നൂറാം വർഷത്തിലേക്ക്.
ഒരു നൂറ്റാണ്ട് മുമ്പ് കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരമേഖലയായ തുമ്പോട് കൃഷി ആവശ്യങ്ങൾക്ക് കുടിയേറി പാർത്ത സഭാവിശ്വസികളിൽ പൗരപ്രമുഖനായിരുന്ന കുഞ്ചാണ്ടി മാപ്പിളയുടെ നേതൃത്വത്തിൽ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ ഗ്രിഗോറിയോസിനെ സമീപിച്ച് ഇടവക സ്ഥാപിക്കുന്നതിനുള്ള അനുവാദം വാങ്ങുകയായിരുന്നു. തുടർന്ന് ഏവരുടെയും ശ്രമഫലമായി 1927-ൽ പള്ളി സ്ഥാപിച്ച് ആദ്യപെരുന്നാൾ കൊണ്ടാടി.
കഴിഞ്ഞ ഒരു നൂറ്റാണ്ടായി അനേകം വൈദികരുടെ ശ്രമഫലമായി തുമ്പോട് പള്ളി പുരോഗതിയിലേക്ക് എത്തി. പള്ളിയുടെ ശതാബ്ദി ആഘോഷങ്ങൾക്കു ഇന്ന് തുടക്കം കുറിച്ചു ഇടവക പെരുന്നാൾ ആഘോഷിക്കും. ഇന്ന് രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഇടവക മെത്രാപ്പോലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് പുതുതായി നിർമിച്ച ധ്യാനമുറിയുടെ കൂദാശ നിർവഹിച്ച് പെരുന്നാളിന് കൊടിയേറ്റും. ശേഷം നടക്കുന്ന ശതാബ്ദി ഉദ്ഘാടന സമ്മേളനം മെത്രാപ്പോലീത്ത ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യും. പെരുന്നാൾ കൺവീനർ റെജി എബ്രഹാം മേലൂട്ട് ഇടവക ചരിത്രം അവതരിപ്പിക്കും.
ഇടവക വികാരി ഫാ. ഗീവർഗീസ് പള്ളിവാതുക്കൽ അധ്യക്ഷനായിരിക്കും. എൻ .കെ. പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണവും പി. എസ്. സുപാൽ എംഎൽഎ ശതാബ്ദി ഗാനപ്രകാശനവും നിർവഹിക്കും.
ഇടവകയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ചാരിറ്റി വിതരണങ്ങളുടെ ഉദ്ഘാടനം ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് നിർവഹിക്കും. ഇടവക ട്രസ്റ്റീ പി.ടി.കൊച്ചുമ്മച്ചൻ, പഞ്ചായത്ത് അംഗങ്ങളായ ഷീന കൊച്ചുമ്മച്ചൻ, ജോസഫ്, ഫാ. ജോഷ്വാ കൊച്ചുവിളയിൽ, സ്വാമി നിത്യാനന്ദ ഭാരതി, ശിഹാബുദീൻ മദനി, റവ. ബിജി.എം .രാജു, രാധാകൃഷ്ണക്കുറുപ്പ് ,മുരളീധരൻ എന്നിവർ പ്രസംഗിക്കും.
കഴിഞ്ഞവർഷം എസ്എസ്എൽസി പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം വരിച്ചവർക്കുള്ള ജോഷ്വാ മെമ്മോറിയൽ അവാർഡ് വിതരണവും ഉണ്ടാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന കാര്യപരിപാടികൾക്കു ശേഷം ഈ വർഷത്തെ പെരുന്നാൾ 15ന് സമാപിക്കുമെന്നു ഇടവക വികാരി ഫാ.ഗീവർഗീസ് പള്ളിവാതുക്കൽ ട്രസ്റ്റി പി.ടി .കൊച്ചുമച്ചൻ സെക്രട്ടറി റോയ് തോമസ് പെരുന്നാൾ കൺവീനർ റെജി ഏബ്രഹാം എന്നിവർ അറിയിച്ചു.