ലഹരിവിരുദ്ധ സൈക്കിൾ യാത്രയ്ക്ക് സ്വീകരണം നൽകി
1573422
Sunday, July 6, 2025 6:29 AM IST
കൊട്ടിയം: ആരോഗ്യമുള്ള നല്ല നാളേക്കായി എൻജിനിയറിംഗ് വിദ്യാർഥിയും ഹരിപ്പാട് സ്വദേശിയുമായ സിബിൻ എന്ന ഇരുപത്തിനാലുകാരൻ നടത്തുന്ന ബോധവത്കരണ സൈക്കിൾ യാത്രയ്ക്ക് കൊല്ലൂർവിള പള്ളി മുക്കിൽ സ്വീകരണം നൽകി.
ജീവിതം നശിപ്പിക്കുന്ന ലഹരി ഉപേക്ഷിക്കുക, നല്ല നാളേക്കായി പ്രകൃതിയെ സംരക്ഷിക്കു,തൈ വെയ്ക്കു, തണലേകാം താപം അകറ്റാം എന്നിങ്ങനെയുള്ള ബോധവൽക്കരണ സന്ദേശങ്ങളുമായാണ് സിബിൻ ഹരിപ്പാട്ടുനിന്നും തലസ്ഥാനത്തേക്ക് സൈക്കിളിൽ ബോധവത്കരണ സന്ദേശ യാത്ര ആരംഭിച്ചത്.
തലസ്ഥാനത്തെത്തിയ ശേഷം തിരികെ ഹരിപ്പാട്ടേക്ക് പോകവെയാണ് കൊല്ലൂർവിള പള്ളി മുക്കിൽ സ്വീകരണം നൽകിയത്. യുവാക്കൾ ലഹരിക്കടിമകളാകുന്നത് വർധിച്ചതോടെയാണ് താൻ ഈ ബോധവത്കരണവുമായി ഇറങ്ങിയതെന്ന് പാല സെന്റ് ജോസഫ് കോളജിലെ അവസാന വർഷ ഇലക്ട്രിക്കൽ വിദ്യാർഥിയായ സിബിൻ പറഞ്ഞു.
അവധി കിട്ടുമ്പോഴൊക്കെ ഒരോ സ്ഥലത്തേക്ക് ബോധവത്കരണവുമായി പോകുകയാണ് ചെയ്യുന്നത്. പള്ളിമുക്ക് പൗരാവലിക്കു വേണ്ടിഎം.എ.ഷുഹാസ്, ഗഫൂർ അപ്ന എന്നിവർ സിബിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
കാക്കോട്ടുമൂല ഗവ. യുപിഎസ് പ്രധാനാധ്യാപകൻ എ.ഗ്രാഡിസൺ, ഭരണിക്കാവ് പികെപിഎൻഎൻഎസ്എസ്.യുപിഎസ് അധ്യാപകൻ ആർ. രാജീവ്, സബീർ ,സാബു കൂനമ്പായിക്കുളം,ബിജു തങ്ങൾ എന്നിവർ പ്രസംഗിച്ചു.