തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രപരമായ മുന്നേറ്റം നടത്തും: വി.എസ്.ശിവകുമാർ
1573159
Saturday, July 5, 2025 6:22 AM IST
കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തുമെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ. കൊല്ലം കോർപറേഷനിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്ക ഭാഗമായി സംഘടിപ്പിച്ച നേതൃയോഗം ഡി സി സി യിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാർ സമസ്ത മേഖലകളിലും പരാജയപ്പെട്ടിരിക്കുകയാണ്. ജനഹിതം ഭരണത്തിന് പൂർണമായും എതിരായിരിക്കുന്നു.ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം വ്യക്തമായ ഈ സൂചനയാണ് നൽകുന്നത്. പ്രവർത്തകർ ജാഗ്രതയോടെ പൊതു സേവനരംഗത്ത് കർമനിരതരാകണം.
കൊല്ലം കോർപറേഷനിൽ യുഡിഎഫ് ഭരണം പിടിക്കുമെന്നും ശിവകുമാർ പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ്. കോട്ടയം മെഡിക്കൽ കോളജിൽ രോഗി മരിക്കാനിടയായ സംഭവവും ഡോ. ഹാരിസ് ചിറക്കലിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും ഒന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ആയി കാണാനാകില്ല.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എന്ന നിലയിൽ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ഉത്കണ്ഠ ഉള്ളതായും ശിവകുമാർ പറഞ്ഞു. യോഗത്തിൽ ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, കെപിസി സി ജന. സെക്രട്ടറി എം. എം. നസീർ, യു ഡി എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, നേതാക്കളായ എ. ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, കെ. ബേബിസൺ,
എസ്.വിപിനചന്ദ്രൻ, ജോർജ് ഡി. കാട്ടിൽ, എൻ. ഉണ്ണികൃഷ്ണൻ, വാളത്തുംഗൽ രാജഗോപാൽ, എം.എം. സഞ്ജീവ് കുമാർ, എസ്. ശ്രീകുമാർ, ജി. ജയപ്രകാശ്, ആനന്ദ് ബ്രഹ്മാനന്ദ്, പ്രസാദ് നാണപ്പൻ ,ബ്ലോക്ക് പ്രസിഡന്റുമാരായ മേച്ചേഴത്ത് ഗിരീഷ്, ഡി. ഗീതാകൃഷ്ണൻ, പാലത്തറ രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.