ആതുരസേവനരംഗത്ത് അപൂർവചരിത്രങ്ങൾ രചിക്കുന്നവരാണ് ഡോക്ടർമാർ: ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
1573174
Saturday, July 5, 2025 6:35 AM IST
കൊട്ടാരക്കര : ആതുരസേവനരംഗത്ത് അപൂർവചരിത്രങ്ങൾ രചിക്കുന്നവരാണ് ഡോക്ടർമാരെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു . കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന ഡോക്ടേഴ്സ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടർമാരുടെ ആശ്വാസപൂർവമായ ഒരു നോട്ടം മതിയാകും രോഗം തീർക്കുന്ന പൊള്ളുന്ന വേദനകൾ അലിഞ്ഞില്ലാതാവാൻ. ഏതു ഗുരുതരമായ സാഹചര്യങ്ങളിലും സ്വന്തം ജീവൻ പോലും ത്യജിക്കാൻ തയാറാകുന്ന ആത്മബലത്തിന്റെ ആൾരൂപങ്ങളാണ് ഡോക്ടർമാർ . അവർ സാന്ത്വനത്താൽ ചേർത്തുപിടിക്കുമ്പോൾ മരണാസന്നനിലയിലായ രോഗിയിൽ ജീവന്റെ തുടിപ്പുകൾ കേൾക്കാൻ സാധിക്കുമെന്നും ഗോപകുമാർ പറഞ്ഞു .
ആശ്രയ പ്രസിഡന്റ് ഡോ. കെ. ജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് എസ്. രഞ്ജിത്കുമാർ, ആർ. രശ്മി, എസ്. ആർ. രമേശ്, കലയപുരം ജോസ്, പട്ടാഴി ജി. മുരളീധരൻ മാസ്റ്റർ, ജുബിൻ സാം, ഡോ. ആശ ജോസ്, വർഗീസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ആതുരസേവന രംഗത്ത് സ്തുത്യർഹ സേവനം ചെയ്യുന്ന ഡോക്ടർമാരെ ചടങ്ങിൽ ആദരിച്ചു.