വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ ആശ്രിതർക്ക് 61ലക്ഷം നഷ്ടപരിഹാരം
1573173
Saturday, July 5, 2025 6:35 AM IST
കൊല്ലം: വാഹാനാപകടത്തിൽ മരിച്ച തൃക്കടവൂർ മുരുന്തൽ ശാന്ത വിലാസം വീട്ടിൽ നിഥിന്റെ കുടുംബത്തിന് കൊല്ലം അഞ്ചാം അഡീഷണൽ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് കോടതി 61 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. 2022 ജനുവരി 22ന് രാവിലെ 8.50ന് നിഥിൻ സഞ്ചരിച്ച സ്കൂട്ടറിൽ മേവറം-കാവനാട് ബൈപ്പാസ് മങ്ങാട് പാലത്തിന് സമീപം എതിർ ദിശയിൽ അമിത വേഗതയിൽ വന്ന വർക്കല സ്വദേശിയുടെ മോട്ടോർ ബൈക്ക് ഇടിക്കുകയായിരുന്നു.
തുടർന്ന് മൂന്ന് ആഴ്ചയോളം നിഥിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2022 ഫെബ്രുവരി 14ന് മരണം സംഭവിച്ചു. നിഥിന്റെ കുടുംബത്തിൽ മാതാവ് ഗീതയും അമ്മൂമ്മയുമാണ് ഉള്ളത്. അച്ഛൻ നേരത്തെ ഇവരെ ഉപേക്ഷിച്ച് പോയി. വിധി തുകയും പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് 61 ലക്ഷം രൂപ അനുവദിച്ചത്. നിഥിനെ ഇടിച്ച മോട്ടോർ ബൈക്കിന്റെ ഇൻഷ്വറൻസ് കമ്പനിയാണ് വിധി തുക നൽകേണ്ടത്.
അപകട കാലയളവിൽ നിഥിന് ഡ്രൈവിംഗ് ജോലിയായിരുന്നു. വിധി തുകയിൽ 75 ശതമാനം അമ്മയ്ക്കും 25 ശതമാനം അമ്മൂമ്മയ്ക്കുമാണ് നഷ്ടപരിഹാരം നൽകിയിട്ടുളളത്. ഹർജി കക്ഷിക്ക് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സുജിത്ത്, സിമി സുജിത്ത് എന്നിവർ കോടതിയിൽ ഹാജരായി.