കെഎംഎംഎൽ നിയമനം : പണം നൽകുന്നവർ കബിളിപ്പിക്കപ്പെടരുത്: മന്ത്രി പി.രാജീവ്
1573165
Saturday, July 5, 2025 6:22 AM IST
ചവറ : കെഎംഎംഎല്ലിലെ തൊഴിൽ നിയമനവുമായി ബന്ധപ്പെട്ട് ജോലി വാങ്ങിത്തരാം എന്ന് ആരെങ്കിലും പറഞ്ഞ് പണം നൽകിയാൽ കമ്പനിയും സർക്കാരും ഉത്തരവാദികൾ അല്ലെന്ന് മന്ത്രി പി രാജീവ്.
ചവറ കെഎംഎംഎൽ എം എസ് യൂണിറ്റിന് സമീപം ദേശീയജലപാതയ്ക്ക് കുറുകെ കെഎംഎംഎൽ നിർമിച്ച സിംഗിൾ ഗർഡർ പ്രീസ് ട്രസ്റ്റ്ഡ് കോൺക്രീറ്റ് നടപ്പാലം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കമ്പനിയിൽ ഉണ്ടാകുന്ന നിയമനം സുതാര്യമായി നടത്തപ്പെടും. സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ചോദ്യം തയാറാക്കി പരീക്ഷ നടത്തുന്നത്. കൂടാതെ അഭിമുഖവും ഉണ്ടാകും.മോഹന വാഗ്ദാനങ്ങൾ നൽകി കൈയടിക്കു വേണ്ടി എൽഡിഎഫ് ആരെയും കൂടെ നിർത്താറില്ല. ചെയ്യാവുന്ന കാര്യങ്ങൾക്ക് മാത്രമേ ഉറപ്പു നൽകൂ.
കമ്പനിയുടെ വികസനത്തിന് പ്രതിസന്ധിയായി ആരെങ്കിലും നിന്നാൽ അത് കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കും. മലിനീകരണം തടയാനുള്ള എല്ലാവിധ സംവിധാനങ്ങളും നടപ്പിലാക്കി വരികയാണ്. ഖനന മേഖലയിലെ 700 തൊഴിലാളികളുടെ നിലവിലുള്ള തൊഴിലിനേക്കാൾ രണ്ടുദിവസം കൂടി ഉയർത്തിയിട്ടുണ്ട്. ഖനന മേഖലയിൽ അർഹരായവരെല്ലാം ലിസ്റ്റിൽ ഉണ്ടാകണം .അനർഘർ കടന്നുകൂടാൻ പാടില്ല.
കോവിൽത്തോട്ടത്ത് പറഞ്ഞ വാക്കുകൾ എല്ലാം തന്നെ പാലിച്ചു വരികയാണ്. ഖനനം ചെയ്ത പലഭാഗത്തും കുഴികൾ നികത്തി തുടങ്ങിയിട്ടുണ്ട്. സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിക്കും .
കമ്പനി മൂലം മലിനീകരിക്കപ്പെട്ട ചിറ്റൂരിലെ വിഷയം സാധ്യമാക്കുന്നതെല്ലാം തന്നെ സർക്കാർ ചെയ്യുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ കമ്പനിയിൽ വരുന്ന മലിനീകരണ വസ്തുക്കൾ ഉപയോഗിച്ച് അസംസ്കൃത വസ്തുക്കൾ ആക്കി മാറ്റാൻ കഴിയും. ഡി സി ഡബ്ള്യൂതൊഴിലാളികളുടെ സുരക്ഷിതത്വത്തിന് കാര്യക്ഷമമായ സംവിധാനങ്ങൾ ഏർപ്പെടുത്തും.
മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തി കഴിഞ്ഞു. കരാർ മേഖലയിലുള്ള 700 ഓളം തൊഴിലാളികൾക്കുള്ള മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കുന്ന കാര്യം പരിഗണിക്കണമെന്ന് മാനേജ്മെന്റിനോട് മന്ത്രി നിർദ്ദേശിച്ചു . ചടങ്ങിൽ സുജിത്ത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനായി.
കമ്പനി മാനേജിംഗ് ഡയറക്ടർ പി .പ്രദീപ്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗോപൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി .സുധീഷ് കുമാർ, ചവറ, പന്മന പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ് കുമാർ, ശ്രീകല, കെഎംഎംഎൽ എംഎസ് എച്ച് ഒ യു എം .യു .വിജയകുമാർ, എൻ. പദ്മലോജനൻ ,
കെ .സുരേഷ് ബാബു, എസ് .ജയമോഹൻ തുടങ്ങിയ ട്രേഡ് യൂണിയൻ നേതാക്കൾ പ്രസംഗിച്ചു.
അഞ്ചു കോടി രൂപ മുടക്കിയാണ് നടപ്പാലം കെഎംഎംഎൽ നിർമിച്ചത്.