പരാധീനതകളുടെ നടുവിൽ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രി
1573169
Saturday, July 5, 2025 6:35 AM IST
ചാത്തന്നൂർ: ഇഎസ്ഐ കോർപറേഷൻ 460 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശു പത്രി സംസ്ഥാന സർക്കാരിന് കൈമാറിയപ്പോൾ ജനങ്ങൾക്ക് മതിയായ ചികിത്സ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. സംസ്ഥാനത്തെ ആരോഗ്യമേഖല നമ്പര്‍ വണ്‍ ആണെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോൾ, ഈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാരായ രോഗികൾക്കും അപകടത്തിൽപ്പെട്ട് എത്തിക്കുന്നവർക്കും മതിയായ ചികിത്സ കിട്ടാതെ ദുരിതമനുഭവിക്കുകയാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഇവ കാര്യക്ഷമമായി ഉപയോഗിക്കാത്തത് മൂലം പാവപ്പെട്ട ജനങ്ങൾ വലയുകയാണ്.പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നവര്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ തയാറായി വേണം എത്താൻ. ജില്ലാ ആശുപത്രിയിലെത്തുന്നവരെ പ്രാഥമിക ചികിത്സ നല്കി റഫര്‍ ചെയ്യും. ജില്ലാ ആശുപത്രിയുടെ തനിയാവര്‍ത്തനമാണ് പാരിപ്പള്ളിയിലെത്തുന്നവരും അനുഭവിക്കേണ്ടിവരുന്നത്. നല്കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആുപത്രിയി ലേക്ക് റഫര്‍ ചെയ്യും. ഇത് പലപ്പോഴും ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിലുള്ള തര്‍ക്കത്തിനും ഇടയാക്കുന്നുണ്ട്.
മെഡിക്കല്‍ കോളജ് ആശു പത്രിയില്‍ രോഗികളേക്കാള്‍ ചികിത്സ അടിയന്തരമായി നല്‍കേണ്ടത് ഇവിടുത്തെ അത്യാഹിത വിഭാഗത്തിനാണ്. ദിനംപ്രതി ആയിരക്കണക്കിന് പേര് ആശ്രയിക്കുന്ന ആശുപത്രിയിലെ, അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തന്നെ അത്യാസന്ന നിലയിലാണ്.
ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സിംഗ് ജീവനക്കാരുമില്ലെന്നതാണ് നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. അത്യാഹിതവിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമല്ല. ഇവിടുത്തെ എക്സ്റേ യൂണിറ്റിന്റെ കാര്യവും പരിതാപകരമാണ്. രോഗികളെ വാഹനത്തില്‍നിന്നു ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള സ്ട്രെച്ചറുകളോ വീല്ച്ചെയറുകളോ ആവശ്യത്തിനില്ല.
കഴിഞ്ഞ 15 ദിവസത്തിലേറെയായി ശസ്ത്രക്രിയകള്‍ നടക്കേണ്ട ഓപറേഷന് തീയറ്റര്‍ അടഞ്ഞു കിടക്കുകയാണ്. അറ്റകുറ്റപ്പണിയുടെ പേരിലാണ് തീയറ്ററുകള്‍ അടച്ചിട്ടിരിക്കുന്നത്. അടിയന്തിര ശസ്ത്രക്രികള്‍ ഒഴിച്ച് ബാക്കിയെല്ലാം മാറ്റിവച്ചിരിക്കുകയാണ്.
ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കുറവ് പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനത്തെയും അടിയന്തിര സേവനങ്ങളേയും സാരമായി ബാധിക്കുന്നുണ്ട്. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് കാരണം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, എന്നീ വിഭാഗങ്ങളില്‍ ഒപി ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ ഉള്ളൂ. ഇതുമൂലം രോഗികള്‍ക്ക് ചികിത്സയ്ക്കായി ആഴ്ചകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.
കാര്‍ഡിയോളജി വിഭാഗത്തില്‍ ഒപിയില്‍ 300 ലേറെ രോഗികളാണ് എത്തുന്നത്. ചില ദിവസങ്ങളില്‍ ഒപി നടത്താനാകാത്ത വിധം ആന്ജിയോഗ്രാമിന്റെയും ആന്‍ജിയോ പ്ലാസ്റ്റിയുടെയും തിരക്കാണ്. കാര്‍ഡിയോളജിയില്‍ പകല്‍ സമയത്ത് മാത്രമേ ഇവിടെ ചികിത്സ ലഭിക്കുകയുള്ളൂ. കാര്‍ഡിയോളജിസ്റ്റ് ഉണ്ടായിട്ടും രാത്രിയിലെത്തുന്നവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. ഇങ്ങനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് സഞ്ചരിച്ച് നിര്‍ണായക സമയം പാഴാക്കി നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്.
കൂടുതല്‍ പേരെത്തുന്ന നെഫ്രോളജി വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനം പരിമിതമാണ്. ഓരോ ദിവസവും വിതരണം ചെയ്യുന്ന ഒപി ടിക്കറ്റുകളുടെ എണ്ണവും ചുരുക്കമാണ്.
ആശുപത്രിയില്‍ 20 വെന്റിലേറ്ററുകള്‍ ഉണ്ടെങ്കിലും വെന്റിലേറ്റര്‍ പ്രവര്‍ത്തനത്തിന് പര്യാപ്തമായ ജീവനക്കാരില്ലാത്തതിനാല്‍ പകുതി വെന്റിലേറ്ററുകൾ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയായിട്ടും സുപ്രധാന ചികിത്സാ വിഭാഗങ്ങള്‍ക്കായി ഫണ്ട് കുറവാണെന്ന് പേരില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
രോഗികള്‍ക്ക് ആനുപാതികമായി ് ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. നാലു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കേണ്ട സ്ഥാനത്ത് ഇവിടെ ഒരു ഡോക്ടർ മാത്രമാണുള്ളത്. ബാക്കി ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. 240 നഴ്സുമാരുടെ സേവനം വേണ്ടപ്പോള്‍ 150 ഓളം നഴ്സുമാര്‍ മാത്രമാണുള്ളത്. ഇതില്‍ 128 പേര്‍ക്ക് മാത്രമാണ് സ്ഥിര നിയമനമുള്ളത്. ബാക്കിയുള്ളവര്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി നോക്കുന്നവരാണ്.
ഹൗസ് സര്ജന്മാരുടെ സേവനം ലഭ്യമായിരുന്നെങ്കിലും കഴിഞ്ഞ മൂന്നു മാസമായി അതും ഇല്ലാത്ത സ്ഥിതിയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന ഇപ്പോഴത്തെ അവസ്ഥയ്ക്ക് പി.ജി കോഴ്സുകള്‍ ആരംഭിക്കുന്നതോടെ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും രോഗികളും.
ഈ വര്‍ഷം അവസാനത്തോടെ പിജി സാധ്യമാകുമെന്നാണ് വിവരം. സീനിയര്‍ റെസിഡന്റുമാര്‍ വന്നാല്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ ക്ഷാമം കുറയും. രോഗികളെ റഫര്‍ ചെയ്യുന്നത് ഒരുപരിധി വരെ കുറയ്ക്കാനാകുമെന്നാണ് പ്രതിക്ഷ. ഇഎസ്ഐ കോര്പറേഷന് ആരംഭിച്ച കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളജ് ആശുപത്രിയായിരുന്നു പാരിപ്പള്ളിയിലേത്. 2013-ല്‍ 460 കോടിയോളം രൂപചെലവഴിച്ചായിരുന്നു നിര്‍മാണം പൂര്‍ത്തീകരിച്ചത്.
എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രി തുടങ്ങേണ്ടതില്ലെന്ന കോര്‍പറേഷന്റെ തീരുമാനം വന്നതോടെ, സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 2016 ലാണ് 100 എംബിബിഎസ് സീറ്റുകളുമായി പാരിപ്പള്ളിയില്‍ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി സ്ഥിതി ചെയ്യുന്നത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദേശീയപാത 66ന് സമീപമാണ്. വാഹനാപകടങ്ങള്‍ ഏറെ ഉണ്ടായിട്ടും മെഡിക്കല്‍ കോളജ് ആശുപ ത്രിയില്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ട്രോമ കെയര്‍ സംവിധാനം ഇതുവരെ ഇവിടെയില്ല. അപകടത്തില്‍പെട്ട് പരുക്കേറ്റുവരുന്നവരെ ഇവിടുത്തെ അത്യാഹിത വിഭാഗത്തില്‍ മണിക്കൂറുകളോളം നിരീക്ഷണത്തിൽവെച്ചശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയക്കുന്നതാണ് പതിവ്.
ഇതുമൂലം അപകടത്തില്‍പെട്ടവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എത്തിക്കും മുന്‍പ് ജീവന് നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ട്. നിര്‍മാണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായിട്ടും ട്രോമ കെയറിനായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച കെട്ടിടത്തിന്റെ നിര്‍മാണം ഇനിയും തുടരുകയാണ്.
ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ഹോസ്റ്റല്‍ പ്രദേശങ്ങളിലും ആര്‍ക്കും എപ്പോഴും കയറി ചെല്ലാവുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ആരോപണമുണ്ട്. ആശുപത്രിയ്ക്കുള്ളില്‍ അത്യാവശ്യ സുരക്ഷാ സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, മറ്റു പലയിടങ്ങളിലും വേണ്ട സുരക്ഷയില്ല. സുരക്ഷ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് സെക്യൂരിറ്റിക്കാരും പോലിസ് എയ്ഡ് പോസ്റ്റുകളും ഇല്ല. ഒരു പോലിസ് ഉദ്യോഗസ്ഥന് മാത്രമാണ് ഇവിടെയുള്ളത്. നിരീക്ഷണ കാമറകള്‍ പലതും പ്രവര്‍ത്തന രഹിതമാണ്.
കൂടാതെ മെഡിക്കല്‍ കോളജ് പരിസരമാകെ കാടുപിടിച്ച ു കിടക്കുകയാണ്. മോര്‍ച്ചറി, വൈറോളജി ലാബ്, ജീവനക്കാരുടെ ക്വാട്ടേഴ്സ്, ഹോസ്റ്റല്‍ പരിസരം എന്നിവിടങ്ങളെല്ലാം കാടുമൂടിയനിലയിലാണ്. രാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടേയും ഭീഷണിയിലാണ്.