മന്ത്രി വീണ ജോർജിന്റെ രാജി : പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം
1573171
Saturday, July 5, 2025 6:35 AM IST
ചവറ : മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധവുമായി എത്തിയതിനെ തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു.
ദേശീയപാത ഉപരോധവുമായി പന്മന മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയ ഉടന്‍ തന്നെ റോഡ് ഉപരോധിക്കാന്‍ ചവറ പോലിസ് അനുവദിച്ചില്ല. റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കാനൊരുങ്ങിയ പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് പിടിച്ചുമാറ്റി.
തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ശക്തമായി വാക്കേറ്റം നടന്നു.സംഭവം അറിഞ്ഞ് കൂടുതല്‍ പോലീസും പ്രവര്‍ത്തകരും എത്തി .സമാധാനമായി പ്രകടനം നടത്തിയ തങ്ങളെ പോലീസ് അകാരണമായി മര്ദിച്ചുയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
സംഭവം അറിഞ്ഞ് ശക്തികുളങ്ങര, ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പോലീസെത്തി. തടിച്ച് കൂടിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വീണ്ടും വാക്കേറ്റവും ഉന്തും തള്ളും നടന്നു.
റോഡില്‍ കുത്തിയിരുന്നു പ്രതിഷേധാത്മാകമായി സമരം ചെയ്തവരെ കാരണം കൂടാതെ പോലീസെത്തി ബലം പ്രയോഗിച്ച് വലിച്ചിഴക്കുകയും ഉടുത്തിരുന്ന വസ്ത്രം ഉള്‍പ്പെടെ വലിച്ച് കീറുകയും ചെയ്ത പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പന്മന മണ്ഡലം പ്രസിഡന്റ് സുഹൈല്‍ നെറ്റിയാട്,അസംബ്ലി പ്രസിഡന്റ് അനന്ത കൃഷ്ണന് , ശരത് പട്ടത്താനം, ജോയി മോന് അരിനല്ലൂര്‍, അനില്‍ കുമാര്‍, ഷംനാനൗഷാദ് ,കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എന്നാൽ ആരെയും ബലം പ്രയോഗിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.