കെഎംഎംഎൽ കമ്പനി വിഷയം : നിവേദനവുമായി ചിറ്റൂർ നിവാസികൾ; വേണ്ടത് ചെയ്യാമെന്ന് മന്ത്രി
1573416
Sunday, July 6, 2025 6:28 AM IST
ചവറ: കെഎംഎംഎൽ കമ്പനിയുടെ പ്രവർത്തനം മൂലം മലിനീകരിക്കപ്പെട്ട പന്മന ചിറ്റൂർ നിവാസികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎംഎംഎൽ എം എസ് പ്ലാന്റിന് സമീപം പാലം ഉദ്ഘാടന വേദിക്കരികിൽ പ്രതിഷേധിച്ച് എത്തി. തുടർന്ന് മന്ത്രിക്ക് നിവേദനം നൽകി.
ജനപ്രതിനിധികളും ചിറ്റൂർ ആസിഡ് ഗ്രാമം നിവാസികളും സംയുക്തമായി ബാനർ കൈയിലേന്തിയാണ് മന്ത്രി പി .രാജീവിനെ കാണാൻ എത്തിയത്. ജനങ്ങൾ ആദ്യം മന്ത്രിയെ കാണുവാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഇറങ്ങി വരുമ്പോഴാണ് പ്രതിഷേധവുമായി എത്തിയ നാട്ടുകാർ മന്ത്രിയെ കണ്ടത്.
ചിറ്റൂർ ഗ്രാമം സർക്കാർ ഏറ്റെടുക്കുക, ചിറ്റൂർ ജനതയെ ദുരിതത്തിൽ നിന്നും മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയത്. മന്ത്രി ഉചിതമായ നടപടി എടുക്കാമെന്ന് ജനങ്ങൾക്ക് വാക്ക് നൽകി.
എന്നാൽ ഈ വാക്ക് ഏറെ വർഷങ്ങളായി തങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണെന്നും ചിറ്റൂർ നിവാസികളുടെ ദുരിതം മനസിലാക്കി ഞങ്ങൾക്കു വേണ്ട ആവശ്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കി തരണമെന്ന് മന്ത്രിയോട് അവിടെയെത്തിയ ജനക്കൂട്ടം ആവശ്യപ്പെട്ടു.
എന്നാൽ നിവേദനം നോക്കി വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് മന്ത്രി പറഞ്ഞു ഉടൻ മടങ്ങി പോകുകയായിരുന്നു. ഇത് ജനങ്ങളിൽ അത്യപ്തി ഉണ്ടാക്കി. കഴിഞ്ഞ ഒന്പത് വർഷക്കാലമായി എൽഡിഎഫ് സർക്കാറിനോട് ഈ ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും പലവിധ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ ഈ വിഷയം കഴിഞ്ഞ 35 വർഷമായുള്ള പ്രശ്നമാണ് എന്ന് മന്ത്രി പാലം ഉദ്ഘാടന പ്രസംഗത്തിൽ പറയുകയും ചെയ്തു. നേരത്തെ ഉണ്ടായിരുന്ന വിലയെക്കാൾ വലിയ വില കൊടുത്തു വസ്തു വാങ്ങാൻ കഴിയില്ല എന്നും കെഎംഎംഎൽ പദ്ധതിക്ക് മാത്രമേ സ്ഥലം ഏറ്റെടുക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
മലിനീകരിക്കപ്പെട്ട സ്ഥലത്തിന് ആയിരിക്കും മുൻഗണന എന്നും അദ്ദേഹം വ്യക്തമാക്കി. വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചിറ്റൂർ നിവാസികളുടെ ആവശ്യങ്ങൾ സർക്കാരും കെ എം എം എമ്മലും ഗൗരവമായി കാണണമെന്നും ഇല്ലായെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് ഇറങ്ങും എന്നും സമരസമിതി അറിയിച്ചു.
ജനപ്രതിനിധികളായ ബി.സുകന്യ, ജെ. ജയചിത്ര, പി.ശ്രീകല , ആസിഡ് ഗ്രാമം ജനകീയ സമര സമിതി പ്രതിനിധികളായ അനിൽകുമാർ, ബീന ജയൻ, കൃഷ്ണൻ കുട്ടി, അനിത ദേവി തുടങ്ങിയവർ നേതൃത്വംനൽകി.