സ്വകാര്യ ബസുകൾ എട്ടിന് സർവീസ് നിർത്തിവയ്ക്കും
1573781
Monday, July 7, 2025 6:02 AM IST
കൊല്ലം : സ്വകാര്യ ബസ് മേഖലയുടെ നിലനിൽപ് ഇല്ലാതാക്കുന്ന അശാസ്ത്രീയമായ നയങ്ങൾ പിൻവലിക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ നിരക്കു പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് എട്ടിന് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കും.
ഒൻപതിന് നടക്കുന്ന പൊതുപണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ തുടർച്ചയായി രണ്ടു ദിവസം ഇതിനാൽ സർവീസ് മുടങ്ങും. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ഡി.രവി, ജനറൽ സെക്രട്ടറി ലോറൻസ് ബാബു, കുമ്പളത്ത് രാജേന്ദ്രൻ, വി.ബാലചന്ദ്രൻപിള്ള എന്നിവർ അറിയിച്ചു.
ദീർഘനാളായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര സർവീസുകളുടെ പെർമിറ്റ് പുതുക്കി നൽകണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. പെർമിറ്റ് പുതുക്കി നൽകാതെ മോട്ടർവാഹന നിയമത്തിനു വിരുദ്ധമായി പുറത്തിറക്കിയ വിജ്ഞാപനം ഹൈക്കോടതി അസ്ഥിരപ്പെടുത്തിയിട്ടും സർക്കാർ നടപടി എടുക്കുന്നില്ല.
സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനും ഡോ. രവി രാമൻ കമ്മിഷനും വിദ്യാർഥികളുടെ യാത്രാ നിരക്ക് കാലോചിതമായി പരിഷ്കരിക്കണമെന്നു നിർദേശിച്ചെങ്കിലും അതു നടപ്പാക്കുന്നില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.