പേഴുംതുരുത്തിലേക്ക് വീണ്ടും കെഎസ്ആർടിസി സർവീസ്
1574340
Wednesday, July 9, 2025 6:42 AM IST
കൊല്ലം: കോവിഡ് കാലത്ത് നിർത്തിവച്ച മൺട്രോത്തുരുത്ത് പേഴുംതുരുത്തിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനഃരാരംഭിക്കുന്നു. കൊല്ലത്തേക്കുള്ള ഓർഡിനറി സർവീസും, തിരുവനന്തപുരത്തേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസുമാണ് വീണ്ടും ആരംഭിക്കുന്നത്. ബസ് സർവിസ് ആരംഭിക്കണമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ മന്ത്രി കെ.ബി ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ബസ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്.
പേഴുംതുരുത്തിൽ യാത്ര അവസാനിപ്പിക്കുമ്പോൾ ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നുള്ള ഉറപ്പിലാണ് ബസുകൾ വീണ്ടും അനുവദിച്ചത്. പേഴുംതുരുത്ത് കയർ സഹകരണ സംഘത്തിൽ ജീവനക്കാർക്ക് സൗകര്യമൊരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
കൊല്ലം എടിഒ നാസറിന്റെനേതൃത്വത്തിൽ ജീവനക്കാർ കയർ സഹകരണസംഘം സന്ദർശിച്ചു. ദിവസങ്ങൾക്കുള്ളിൽ സർവീസ് തുടങ്ങാനാകുമെന്ന് കയർ സഹകരണസംഘം പ്രസിഡന്റ് ബി. രവികുമാർ, കെ. മധു, എസ്. അഭിജിത്ത് എന്നിവർ അറിയിച്ചു.