പത്തനംതിട്ട: ജീവിത ശൈലി, രോഗ നിയന്ത്രണം പകര്‍ച്ചവ്യാധി പ്രതിരോധം തുടങ്ങിയ പൊതുജനാരോഗ്യ വിഷയങ്ങളില്‍ ആയുര്‍വേദ സാധ്യതകള്‍ കൂടി വരുന്നതായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ (എഎംഎഐ ) 43-ാമത് സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പോഷണം ആഹാരത്തിലൂടെ ജീവനം ആയുര്‍വേദത്തിലൂടെ എന്ന സന്ദേശത്തോടെ നടന്ന സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആയുര്‍വേദ ഡോക്ടര്‍മാരുടെ പൊതു സംഘടനയായ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ
സംസ്ഥാന കൗണ്‍സില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സാദത്ത് ദിനകര്‍, കേരള മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ടി.ഡി. ശ്രീകുമാര്‍, നാഷണല്‍ ആയുഷ് മിഷന് എസ്പിഎം ഡോ. പി.ആര്. സജി, ഗവണ്മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വി.ജെ. സെബി, ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ദുര്‍ഗാ പ്രസാദ്, ഡോ. സി.എസ്. ശിവകുമാര്‍, ഡോ. ഇട്ടുഴി ഉണ്ണികൃഷ്ണന് നമ്പൂതിരി, ഡോ. ഡി. രാമനാഥന്, ഡോ. വി.ജി. ഉദയകുമാര്‍, ഡോ. സൂസന് എം. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മികവു തെളിയിച്ച ഡോക്ടര്‍മാര്‍ക്ക് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് പ്രഖ്യാപിച്ച വിവിധ പുരസ്കാരങ്ങള്‍ ഡോ. വിജയന് നങ്ങേലില്‍, ഡോ. ജി.ശ്യാമകൃഷ്ണന് , ഡോ. സജ്ന യൂസഫ് , ഡോ. ഷബ്ന ഹാഷ്മി,ഡോ. എന്‍. രാജേഷ് എന്നിവര്‍ക്ക് നല്കി. പ്രശസ്തിപത്രവും 15000 രൂപയുടെ കാഷ് അവാര്‍ഡും ചേര്‍ന്ന എഎംഎഐ മാധ്യമ പുരസ്കാരം കേരള കൗമുദി തൃശൂര്‍ ബ്യൂറോ ചീഫ് ഭാസി പാങ്ങിലിന് സമ്മാനിച്ചു. ആയുര്‍വേദ ശാസ്ത്രത്തിന് മുതല്‍കൂട്ടാകുന്ന വിവിധ വിഷയങ്ങളിലുള്ള പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
സമാപന സമ്മേളനം കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.