ഞായറാഴ്ച പ്രവൃത്തിദിനം തീരുമാനം പിൻവലിക്കണം: പുതുശേരി
1225984
Thursday, September 29, 2022 10:29 PM IST
തിരുവല്ല: ഒക്ടോബർ രണ്ട് പ്രവൃത്തിദിനമാക്കിയ സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ആവശ്യപ്പെട്ടു.
ഞായറാഴ്ചകൾ പ്രവൃത്തിദിനമാക്കുകയെന്നത് സർക്കാർ ഒരു സ്ഥിരം പരിപാടിയായി മാറ്റിയിരിക്കുകയാണെന്ന് പുതുശേരി കുറ്റപ്പെടുത്തി. നേരത്തെ ഇങ്ങനെ ചെയ്തിട്ട് വൻ പ്രതിഷേധം ഉണ്ടായപ്പോൾ അത് പിൻവലിച്ച് അതിന്റെ പേരിൽ മേനി പറഞ്ഞവർ വീണ്ടും അതുതന്നെ ആവർത്തിക്കുകയാണ്.
ഞായറാഴ്ച 9.30ന് സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച ക്രിസ്തീയ ആരാധനയും വിശുദ്ധ കുർബാനയും ഒഴിവാക്കി എത്താനുള്ള നിർദേശം വിശ്വാസികളോടുള്ള വെല്ലുവിളിയാണ്.
സാധാരണയായി ഗാന്ധിജയന്തി ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാചരണമായി കൊണ്ടാടുമ്പോൾ ഞായറാഴ്ചത്തേക്ക് നിർദേശിച്ചിരിക്കുന്ന ലഹരിവിരുദ്ധ പരിപാടി മറ്റൊരു ദിവസം നിശ്ചയിച്ചാൽ മതിയെന്നും ബോധപൂർവമുള്ള അടിച്ചേല്പിക്കലായി മാത്രമേ ഇതിനെ കാണാനാകൂവെന്നും പുതുശേരി പറഞ്ഞു.