മരത്തിൽ ചുറ്റി മലന്പാന്പ്; റോഡിൽ ചുറ്റിച്ച് വാഹനങ്ങൾ
1584893
Tuesday, August 19, 2025 7:21 AM IST
തൃപ്പൂണിത്തുറ: എരൂർ നിവാസികളെ മണിക്കൂറുകളോളം ഗതാഗത കുരുക്കിലാക്കി, മരം കയറിയ മലമ്പാമ്പിനെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ വാട്ടർ ജെറ്റിന്റെ സഹായത്തോടെ പിടികൂടി. എരൂർ മുതുകുളങ്ങര ക്ഷേത്രത്തിനടുത്ത് പുലിയന്നൂർ മന ആര്യൻ നമ്പൂതിരിയുടെ വീട്ടുവളപ്പിൽ റോഡിനോട് ചേർന്നുള്ള തേക്ക് മരത്തിലാണ് 10 അടിയിലധികം വലിപ്പമുള്ള മലമ്പാമ്പിനെ കണ്ടെത്തിയത്.
തേക്ക് മരത്തിൽ കാക്കകൾ കൂട്ടം കൂടുന്നതു കണ്ട് ശ്രദ്ധിച്ച ഇവിടെയടുത്തുള്ള പൂക്കടയിലെ ജീവനക്കാരനാണ് ഇന്നലെ രാവിലെ 6.30ഓടെ മരത്തിൽ ചുറ്റിയ നിലയിൽ മലമ്പാമ്പിനെ കണ്ടത്. മലമ്പാമ്പിനെ കാണാൻ നാട്ടുകാരും വാഹനങ്ങൾ നിർത്തിയിട്ട് യാത്രക്കാരും കൂടിയതോടെ രാവിലെ എട്ട് മുതൽ ഇവിടെ ഗതാഗതം തടസപ്പെടുകയായിരുന്നു.
ഒന്പതോടെ വാഹനങ്ങളുടെ നിര തൃപ്പൂണിത്തുറ എരൂർ ലൈനിൽ ആസാദിനടുത്ത് വരെ നീണ്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ പാമ്പിനെ മരത്തിൽ നിന്നിറക്കാൻ തുടർച്ചയായി വാട്ടർ ജെറ്റ് പ്രയോഗിച്ചതോടെ മലമ്പാമ്പ് താഴെ വീണു. തുടർന്ന് സ്നേക്ക് റെസ്ക്യൂവർമാർ രാവിലെ 11 ഓടെ പാമ്പിനെ പിടികൂടി. ഈ സമയം മുഴുവൻ ഈ ഭാഗത്ത് കൂടിയുള്ള വാഹന ഗതാഗതം പൂർണമായി തടസപ്പെട്ടു.
തൃപ്പൂണിത്തുറ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫീസർ പി.കെ.സന്തോഷ്, സീനിയർ ഫയർ റെസ്ക്യു ഓഫീസർ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒ.കെ.വേണു, പോൾ മാത്യു, അരുൺ ഐസക്, ബിജു വർഗീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.