ഏലൂരിൽ കൂറ്റൻ ടാങ്ക് റോഡിൽ വീണു
1584894
Tuesday, August 19, 2025 7:21 AM IST
ഏലൂർ: ഏലൂർ ടിസിസി കമ്പനിയിലേക്ക് സേലത്തുനിന്ന് ട്രെയിലർ ലോറിയിൽ കൊണ്ടുവന്ന 10 ടൺ ഭാരം വരുന്ന കൂറ്റൻ ടാങ്ക് റോഡിലേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.
കമ്പനിയിൽ ഹൈഡ്രോക്ലോറിക് ആസിഡ് സംഭരിക്കാനുള്ള ടാങ്ക് ലോറിയിൽ കൊണ്ടുവന്ന് കമ്പനിയിലേക്ക് കയറ്റുന്നതിനിടെയാണ് ട്രെയിലർ റോഡിലേക്ക് മറിഞ്ഞതെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഉടനെ കമ്പനിയിലെ ജെസിബി ഉപയോഗിച്ച് ടാങ്ക് കമ്പനിയിലേക്ക് മാറ്റി.ഏലൂർ -പതാളം റോഡിൽ അരമണിക്കൂറോളം ഗതാഗതതടസം നേരിട്ടു. ഏലൂർ പോലീസെത്തി ഗതാഗതം നിയന്ത്രിച്ചു. ആർക്കും പരിക്കില്ല.
കാക്കനാട് ട്രാൻസ്ഫോർമർ
കാക്കനാട് : 49 ടൺ ഭാരമുള്ള കൂറ്റൻ ട്രാൻസ്ഫോർമർ ട്രെയിലറിൽ നിന്ന് കാക്കനാട്-സീ പോർട്ട് എയർപോർട്ട് റോഡിലേക്ക് വീണു. ബ്രഹ്മപുരം സബ് സ്റ്റേഷനിൽ നിന്നും അറ്റകുറ്റപ്പണിക്കായി കളമശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ട്രാൻസ്ഫോർമറാണ് തുരുമ്പെടുത്ത ഇരുമ്പു കൊളുത്തുകൾ പൊട്ടി റോഡിലേക്കു വീണത്.

ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം. മറ്റു വാഹനങ്ങളിലേക്ക് വീഴാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ട് ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിൽ നിന്നു സീപോർട്ട് എയർപോർട്ട് റോഡിലേക്ക് പ്രവേശിച്ച ഉടനെയാണ് ട്രാൻസ്ഫോർമർ നിലംപൊത്തിയത്. കൂറ്റൻ ക്രെയിനുകൾ എത്തിച്ച് വൈകിട്ട് അഞ്ചരയോടെ മറ്റൊരു ട്രെയിലറിലേക്ക് ട്രാൻസ്ഫോർമർ മാറ്റുകയായിരുന്നു. പോലീസ്, അഗ്നിരക്ഷാ സേന, കെഎസ്ഇബി, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.