എയർപോർട്ടിലേക്ക് വാട്ടര്‍മെട്രോ; സാധ്യത തേടി കെഎംആര്‍എല്‍
1584895
Tuesday, August 19, 2025 7:21 AM IST
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ഒന്നിലധികം യാത്രാമാര്‍ഗങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആലുവയില്‍നിന്ന് നെടുമ്പാശേരിയിലേക്കു വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകള്‍ തേടി കെഎംആര്‍എല്‍.
മെട്രോയില്‍ എത്തുന്ന വിമാന യാത്രക്കാരെ ഒരു മണിക്കൂര്‍കൊണ്ട് ജലമാര്‍ഗം നെടുമ്പാശേരിയില്‍ എത്തിക്കുന്ന പദ്ധതിയാണ് കെഎംആര്‍എല്‍ പരിശോധിക്കുന്നത്.ഇതിനായി വിമാനത്താവളത്തിന് സമീപത്തായുള്ള ചെങ്കല്തോടിലേക്കുള്ള ജലഗതാഗതസാധ്യത കെഎംആര്‍എല്‍ പരിശോധിക്കും.
പെരിയാറിലേക്ക് ഒഴുകിയിറങ്ങുന്ന ചെറിയ പുഴയാണ് ചെങ്ങല്‍ തോട്. ചെങ്ങല്‍ തോട്ടിലൂടെ രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട് പെരിയാറിലേക്ക്. പദ്ധതി യാഥാര്‍ഥ്യമാകാന്‍ ചെങ്ങല്‍തോട് പായലും പുല്ലും നീക്കം ചെയ്ത് ആഴംകൂട്ടി നവീകരിക്കണം. ഇവിടെ വാട്ടര്‍മെട്രോയ്ക്കായി ടെര്‍മിനലും സ്ഥാപിക്കണം. ആലുവ കൂടാതെ കാലടിയില്‍ നിന്ന് ചെങ്ങല്‍തോട് വഴി ബോട്ട് സര്‍വീസ് നടത്തുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
ആലുവ മെട്രോ സ്റ്റേഷനോടു ചേര്‍ന്നൊഴുകുന്ന പെരിയാറിലൂടെ യാത്ര തുടങ്ങി ചെങ്ങല്‍ തോട്ടിലൂടെ വിമാനത്താവളത്തിന്റെ പിന്‍വശത്തേക്കു കയറിച്ചെല്ലുന്ന പദ്ധതിക്കാണ് പ്രാഥമിക സാധ്യത. ആലുവയില്‍ പെരിയാര്‍ തീരത്ത് വാട്ടര്‍മെട്രോ ജെട്ടി സ്ഥാപിച്ച് ഇതിനെ ആലുവ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കും. ആറു കിലോമീറ്ററാണ് ആലുവയില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള ജലമാര്‍ഗ ദൂരം. ഇതിന്റെ ഇരട്ടിദൂരം പിന്നിടണം, റോഡ് മാര്‍ഗം ആലുവയില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍.
ജനവാസം കുറവായതിനാല്‍ സ്ഥലമെടുപ്പില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. വിമാനത്താവളത്തെയും തുറമുഖത്തെയും ബന്ധിപ്പിച്ച് കാര്‍ഗോ സര്‍വീസ് തുടങ്ങാന്‍ കിന്‍കോയും സിയാലും മുന്‍പ് പദ്ധതികള്‍ ആലോചിച്ചിരുന്നുവെങ്കിലും പ്രായോഗികതക്കുറവ് കാരണം നടപ്പിലാക്കാതെ പോയിരുന്നു. നിലവില്‍ ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് റോഡ് മാര്‍ഗം ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.