കാഞ്ഞിക്കുളത്ത് ദേശീയപാതയിലേക്ക് മരം കടപുഴകി വീണു; ഗതാഗതം മുടങ്ങി
1584712
Tuesday, August 19, 2025 12:08 AM IST
കല്ലടിക്കോട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കാഞ്ഞിക്കുളം അരിമില്ലിനുസമീപം റോഡിനുകുറുകെ മരംവീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചക്ക് 12.30 നാണ് സംഭവം.
പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും റോഡരികിലെ ആൽമരം ഇലക്ട്രിക് പോസ്റ്റിന് മുകളിലൂടെ റോഡിലേക്കു വീഴുകയായിരുന്നു. മരം വീണതിനെ തുടർന്ന് മണിക്കുറുകളോളം ഗതാഗതം പൂർണമായും സ്തംഭിച്ചു.
മണ്ണാർക്കാട്ടുനിന്ന് ടിപ്പു സുൽത്താൻ റോഡ് വഴിയും കല്ലടിക്കോട് ഉമ്മനഴി റോഡുകൾ വഴിയും തിരിഞ്ഞാണ് വാഹനങ്ങൾ പാലക്കാട്ടേക്കു പോയത്. ഫയർഫോഴ്സ്, നാട്ടുകാർ തുടങ്ങിയവരുടെ പ്രയത്നഫലമായാണ് മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. കെഎസ്ഇബി അധികൃതരും പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു. ബലക്ഷയമുള്ള മരങ്ങൾ മുറിച്ചുനീക്കാൻ ഹൈവേ അഥോറിറ്റി തയാറാവാത്തതാണ് മരങ്ങൾ കടപഴകി വീഴാൻ കാരണം.