സമുദായ അംഗങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടാൻ തയാറാകണം: കത്തോലിക്ക കോൺഗ്രസ്
1584725
Tuesday, August 19, 2025 12:09 AM IST
കല്ലടിക്കോട്: കത്തോലിക്ക സമുദായഅംഗങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാൻ തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങളെ നിസ്വാർഥമായി സേവിച്ചുകൊണ്ടിരിക്കുന്ന സമുദായഅംഗങ്ങളെ കണ്ടെത്തി അവരെ വിവിധ രാഷ്ട്രീയപാർട്ടികളുടെ അംഗീകാരത്തോടെ മത്സരിപ്പിച്ച് വിജയിപ്പിക്കാൻ സമുദായ അംഗങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രൂപതയിലെ കത്തോലിക്ക കോൺഗ്രസ് നേതാക്കൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുക്കമായുള്ള രൂപതാതല പരിശീലനശില്പശാല "സജ്ജം 2025’ പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി പാരിഷ്ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, പീറ്റർ എൻ. രാജ് എന്നിവർ ക്ലാസ് എടുത്തു. രൂപതയിലെ 6 ഫൊറോനകളിൽ നിന്നുള്ള കത്തോലിക്ക കോൺഗ്രസ് നേതാക്കൾ ശില്പശാലയിൽ പങ്കെടുത്തു. പൊതുസമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ബോബി പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു.
കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫൊറോന വികാരി ഫാ. മാർട്ടിൻ കളമ്പാടൻ, ഗ്ലോബൽ ജനറൽസെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, ആന്റണി കുറ്റിക്കാടൻ, ബെന്നി ചിറ്റേട്ട്, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ തോമസ് ആന്റണി , ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി , ജോസ് വടക്കേകര, ജോസ് മുക്കട, ജോമി മാളിയക്കൽ എന്നിവർ പ്രസംഗിച്ചു.